മഹാരാഷ്ട്രയിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിമരുന്നിട്ട വിവാദ പ്രസ്താവനക്കൊടുവിൽ വിഷയത്തിൽ മാപ്പു പറഞ്ഞ് തലയൂരി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർധൻ സപ്കൽ.
ഛത്രപതി ശിവാജിയെയും ടിപ്പു സുൽത്താനെയും താരതമ്യം ചെയ്തതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കു പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കമുള്ള ബി ജെ പി നേതാക്കൾ ശക്തമായി പ്രതികരിച്ചതോടെ വിവാദം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വച്ചിരുന്നു.
ഛത്രപതി ശിവാജിയെയും ടിപ്പു സുൽത്താനെയും താരതമ്യം ചെയ്തതാണ് മഹാരാഷ്‌ട്രയിൽ രാഷ്ട്രീയ കൊടുങ്കാറ്റിനു വഴിവച്ചത്. പ്രസ്താവനക്കെതിരെ അഹല്യാനഗറിൽ ബി ജെ പി പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ മാപ്പു പറയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തെത്തിയിരുന്നു. വിഷയം ബി ജെ പി രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് സപ്കൽ മാപ്പു പറഞ്ഞ് തലയൂരിയത്. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ്താവന വളച്ചൊടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനാണ് ബി ജെ പി പ്രവർത്തകർ ശ്രമിച്ചതെന്നും സപ്കൽ വ്യക്തമാക്കി.
മലേഗാവ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുടെ ഓഫീസിൽ ടിപ്പു സുൽത്താന്റെ ചിത്രം പ്രദർശിപ്പിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് പരാമർശം നടത്തിയത്. ഇതിനു പിന്നാലെയാണ് ബി ജെ പി നൽകിയ പരാതിയിൽ പൂനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് സപ്കലിന്റെ പരാമർശങ്ങൾ ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും സാമുദായിക ഐക്യത്തെ ബാധിക്കുന്നതുമാണെന്നാണ് പരാതിയിൽ ആരോപിച്ചത്. അതേസമയം ഇന്ത്യയുടെ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ നേതാക്കളുടെ ചിത്രം സർക്കാർ ഓഫിസുകളിൽ പ്രദർശിപ്പിക്കുന്നത് ഐക്യ സന്ദേശമാണ് നൽകുന്നതതെന്ന് സപ്കൽ വിശദീകരിച്ചു. ശിവാജിയെയും ടിപ്പുവിനെയും താരതമ്യം ചെയ്‌തെന്ന തരത്തിലാണ് ബി ജെ പി പ്രചരിപ്പിച്ചതെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
