കാർ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ ഇടിച്ച് അപകടം, അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം

At Malayalam
1 Min Read

ബെംഗളുരുവിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു യുവാക്കൾക്ക് ദാരുണാന്ത്യം. ബെംഗളൂരു നെലമംഗലയ്ക്ക് സമീപത്തായിരുന്നു സംഭവം. കാർ നിയന്ത്രണം വിട്ട് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സിൽ ഇടിച്ച് ഉണ്ടായ അപകടത്തിലാണ് യുവാക്കൾക്ക് ജീവൻ നഷ്ടമായത്. ദുർഗ പ്രസാദ്, കേശവ്, ലളിത്, ഹർഷിത്, ധനുഷ് എന്നിവരാണ് മരണപ്പെട്ടത്. ഇവരിൽ നാലു പേർ കോളജ് വിദ്യാർഥികളാണ്. അപകടമുണ്ടായ ഉടൻ തന്നെ നാലു പേർക്കും ജീവൻ നഷ്ടമാകുകയായിരുന്നു. ഒരാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

സംഭവത്തിൽ മദനായകനഹള്ളി പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മൃതദേഹങ്ങൾ പോസ്​റ്റുമോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്കു മാ​റ്റിയിരിക്കുകയാണ്. അതേസമയം, ബസിൽ 42 യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ മുൻവശത്തിരുന്ന കുറച്ചാളുകൾക്ക് നിസാരപരിക്കേറ്റെന്നും ബാക്കിയുള്ളവരെ മറ്റുബസുകളിൽ കയറ്റിവിട്ടെന്നും പൊലീസ് അറിയിച്ചു.

അവധിദിവസം ആഘോഷിക്കാൻ പോയതായിരുന്നു വിദ്യാർഥികൾ. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഗുരുതര പരിക്കേ​റ്റ കാർ ഡ്രൈവറെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. യുവാക്കൾ സഞ്ചരിച്ച ടാറ്റ ഇൻഡിക്ക കാർ നിയന്ത്രണം വിട്ട് ഡിവൈഡർ മറികടക്കുകയും എതിർ ദിശയിൽ വന്ന കെ എസ് ആർ ടി സി ബസിൽ ഇടിക്കുകയുമായിരുന്നു. തുംകൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ബസിൽ ഇടിച്ചത്. സി സി ടി വി ടെക്‌നിഷ്യൻ ആയ ഹർഷിതിന്റെതായിരുന്നു കാർ. ഇന്നലെ രാത്രി എട്ടരയോടെ ഹർഷിത് സുഹൃത്തുക്കളെ കാണാൻ പോയതാണെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞത്. കഴിഞ്ഞ ദിവസം ബംഗളുരുവിലെ ഹോസ്കോട്ടയിൽ രണ്ടു മലയാളി വിദ്യാർഥികളടക്കം ഏഴുപേരുടെ ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടൽ വിട്ടുമാറും മുൻപാണ് വീണ്ടും ഒരു അപകടം അഞ്ച് അംഗ സംഘത്തിന്റെ ജീവനെടുത്തത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment