20 കോൺഗ്രസ് എം എൽ എമാർ വീണ്ടും മത്സരിക്കും

At Malayalam
2 Min Read

നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സിറ്റിങ് എം എല്‍ എമാരെ വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നതിനിടെയാണ് സിറ്റിങ് എം എല്‍ മാരും മത്സരരംഗം ഉറപ്പിക്കുന്നത്.

നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം എല്‍ എമാരെ നിലനിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക സർവേയടക്കം നടത്തിയ ശേഷമാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ ഞായറാഴ്ച എറണാകുളത്ത് ചേരുന്ന കെ പി സി സി നേതൃയോഗം അന്തിമ തീരുമാനമെടുക്കും.

തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും, എം പിമാർ, കെ പി സി സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഡി സി സി ഭാരവാഹികൾ എന്നിവർ ഉൾപ്പടെ വിശാല നേതൃയോഗമാണ് വിളിച്ചിരിക്കുന്നത്. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ അന്തിമതീരുമാനമെടുക്കാനാണ് യോഗം ചേരുക.

തൃപ്പൂണിത്തുറയിൽ കെ ബാബുവും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ഒഴികെയുള്ളവരെയാണ് പരിഗണിക്കുന്നത്. തന്നെ ഒഴിവാക്കണമെന്ന് ബാബു അറിയിച്ചിരുന്നു. വിവാദങ്ങളിൽപ്പെട്ടെങ്കലും മണ്ഡലത്തിലെ അവസ്ഥ കണക്കിലെടുത്ത് ഐ സി ബാലകൃഷ്ണനെയും എൽദോസ് കുന്നപ്പിള്ളിയെയും അതതു മണ്ഡലങ്ങളിൽ വീണ്ടും ഇറക്കാനാണ് പ്രാഥമിക തീരുമാനം.

- Advertisement -

അതേസമയം, നാലു ജില്ലകളിൽ കോൺഗ്രസിന്‍റെ നില തൃപ്തികരമല്ലെന്ന് സർവെ റിപ്പോർട്ട് യോഗം കാര്യമായി ചർച്ച ചെയ്യും. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധൻ സുനിൽ കനഗോലുവിന്‍റെ സർവേ റിപ്പോർട്ടിൽ പറയുന്നത്.

പാലക്കാട് രാഹുലിന് സീറ്റ് നൽകേണ്ടതില്ലെന്നാണ് തീരുമാനം. പാലക്കാട് ജില്ല കേന്ദ്രീകരിച്ച് വിമത സി പി എം നേതാക്കൾക്ക് പിന്തുണ നൽകി പുതിയ സംഘടന രൂപീകരിക്കുന്നതിനും ചർച്ചകൾ നടക്കുന്നുണ്ട്. മലമ്പുഴയിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പെഴ്സണൽ അസിസ്റ്റൻ്റായിരുന്ന സുരേഷിനെ മത്സരിപ്പിക്കാനാണ് ആലോചന. ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല.

ബി ജെ പി നേതാവ് പ്രമീള ശശിധരനെ കോൺഗ്രസിലെത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിനുപിന്നാലെ പ്രമീള നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ സി പി എമ്മിൽനിന്നുള്ള പി ശശിയും ബി ജെ പിയിൽനിന്നു പ്രമീളയും ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment