തൊണ്ടി മാറ്റിയ കേസിൽ മൂന്നു കൊല്ലം തടവിനു ശിക്ഷിക്കപ്പെട്ട മുൻമന്ത്രിയും എം എൽ എയുമായിരുന്ന ആൻ്റണി രാജുവിൻ്റെ അഭിഭാഷക പണിക്കും വിലക്കു വരാൻ സാധ്യത. ബാർ കൗൺസിൽ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കേസിൽ ശിക്ഷിക്കപ്പെട്ട ആൻ്റണി രാജുവിനും ബന്ധപ്പെട്ട കക്ഷികൾക്കുമൊക്കെ ബാർ കൗൺസിൽ നോട്ടിസ് നൽകും. മാത്രമല്ല, ഇന്നു ചേരുന്ന ബാർ കൗൺസിലിൻ്റെ അച്ചടക്ക സമിതി വിഷയം പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നറിയുന്നു. ബാർ കൗൺസിലിലെ മൂന്നംഗങ്ങളാണ് അച്ചടക്ക സമിതിയിൽ ഉള്ളത്.
ആൻ്റണി രാജുവിനെതിരെ വന്ന പരാതിയും ശിക്ഷാവിധിയും അതി ഗുരുതരവും ബാർ കൗൺസിലിന് നാണക്കേടുണ്ടാക്കുന്നതുമാണെന്നാണ് കൗൺസിലിൻ്റെ പ്രാഥമിക നിഗമനം. അച്ചടക്ക സമിതി ഇന്ന് കൂടുന്ന സാഹചര്യത്തിൽ ആൻ്റണി രാജുവിനെ സംബന്ധിച്ച് ഇന്ന് നിർണായക ദിവസം തന്നെയാണ്. വിശദമായ വാദം കേട്ട ശേഷമാകും ബാർ കൗൺസിൽ, വിഷയത്തിൽ നടപടി സ്വീകരിക്കുക എന്നാണറിയുന്നത്.
