കഴിഞ്ഞ ദിവസം നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയ മീൻ തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിൽ കൊണ്ടു വന്നത് എന്ന് മനസിലായ സ്ഥിതിക്ക് മീൻ കഴിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ചെമ്പല്ലി ഇനത്തിൽപ്പെട്ട മീനാണ് തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവന്ന് വിറ്റതെന്നാണ് ഫിഷറീസ് വകുപ്പിൻ്റെ കണ്ടെത്തൽ. തമിഴ്‌നാട്ടിൽ നിന്ന് മീന്‍ കയറ്റുമതി ചെയ്യുന്ന കമ്പനികള്‍, കേടായതുമൂലം ഉപേക്ഷിച്ച മീനുകളാണ് കുറഞ്ഞ വിലയ്ക്ക് വാങ്ങി കച്ചവടക്കാർ കേരളത്തില്‍ വില്‍പ്പന നടത്തിയത്.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലും പരിസരപ്രദേശങ്ങളിലും വില്‍പ്പന നടത്തിയ മീൻ വാങ്ങി ഉപയോഗിച്ച നിരവധിപേരാണ് ഭക്ഷ്യവിഷബാധയുണ്ടായി ചികിത്സ തേടേണ്ടി വന്നത്. തികച്ചും ഉപയോഗ ശൂന്യമായ മീനാണ് ഈ പ്രദേശങ്ങളിൽ വില്‍പ്പന നടത്തിയതെന്ന് ഭക്ഷ്യ സുരക്ഷാ – ഫിഷറീസ് വകുപ്പുകള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര പ്രദേശത്തെ വിവിധ ചന്തകളില്‍ നിന്നു വാങ്ങിയ ചെമ്പല്ലി മീന്‍ കഴിച്ച അൻപതോളം പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കൊച്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായി.
തമിഴ്‌നാട്ടില്‍ നിന്ന് മീന്‍ കേരളത്തിലെത്തിച്ച് കച്ചവടം നടത്തുന്നവർ ശ്രദ്ധ പുലര്‍ത്തണമെന്ന് ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന മീന്‍, കേടാകാതിരിക്കാന്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള അപകടകാരികളായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന പരാതികൾ നേരത്തേ തന്നെ കേൾക്കുന്നതാണ്. മൃതദേഹങ്ങള്‍ അഴുകാതെ സൂക്ഷിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. ഇതു കൂടാതെ മീൻ കേടാകാതിരിക്കാൻ വേറെയും രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പരാതിയുണ്ട്.
അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് ട്രെയിനിലും ലോറികളിലും എത്തുന്ന മീൻ പരിശോധിക്കാന്‍ യൊതൊരു നടപടിയും നിലവിലില്ല എന്നത് വസ്തുതയാണ്. അടിയന്തരമായി, ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടമായിരിക്കും സംഭവിക്കുക. ഇതിനെല്ലാമുപരി മീൻ ഉപയോഗിക്കുന്നവർ, തങ്ങൾ വാങ്ങുന്നത് നല്ല മീൻ തന്നെയാണന്ന് ഉറപ്പാക്കേണ്ടത് അവരവരുടെ ആവശ്യമാണെന്ന് കൂടി മനസിലാക്കിയാൽ നന്ന്.
