തിരുവനന്തപുരത്ത് ഞെട്ടലുണ്ടാക്കി ഐ ടി ജീവനക്കാരിക്ക് നേരെ ഹോസ്റ്റൽ മുറിയിൽ അതിക്രമ ശ്രമം. ഒരു സ്വകാര്യ ഹോസ്റ്റലിലാണ് യുവതി പീഡനശ്രമത്തിന് ഇരയായത്. ഇന്നലെ രാത്രിയാണ് ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന യുവതിക്ക് ഈ ദുരനുഭവമുണ്ടായത്.
പുലർച്ചെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറിയ അജ്ഞാതനായ ഒരാൾ യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ഞെട്ടി ഉണരുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ അക്രമി ഓടി രക്ഷപ്പെട്ടു. സംഭവം നടന്നയുടൻ ഭയന്നു പോയ യുവതി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.
ഇന്നലെ രാവിലെയാണ് യുവതി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
വൈദ്യപരിശോധനക്കു വിധേയയാക്കിയ ശേഷമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ഹോസ്റ്റലിലെ മുറിയിൽ യുവതി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അക്രമിയെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നുമാണ് യുവതി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.
