നപുംസക – കിറ്റ് മുഖത്തേക്ക് വലിച്ചെറിയൽ – മാക്രി പ്രയോഗങ്ങളുമായി വീണ്ടും ഭരത്ചന്ദ്ര ഗോപി

At Malayalam
2 Min Read

സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ ഷോ പാലക്കാട്ടും വൻ വിവാദമുണ്ടാക്കുന്നു. കേന്ദ്രമന്ത്രി നടത്തിയ നപുംസക പ്രയോഗമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് വലിച്ചെറിയണമെന്നും സുരേഷ് ​ഗോപി ഇതേ സ്ഥലത്ത് അന്തരീക്ഷത്തിൽ വിരലുകൾ കറക്കി ഭരത് ചന്ദ്രൻ സ്റ്റൈലിൽ പറഞ്ഞു. പാലക്കാട് ചെത്തലൂരിൽ നടന്ന കലുങ്ക് സംവാദം എന്ന പേരിലുള്ള പരിപാടിയിലാണ് ഇത്തരം പരാമർശങ്ങൾ നടത്തിയത്. തൻ്റെ ശമ്പളം മുഴുവൻ പ്രജകളുടെ കഞ്ഞി പാത്രത്തിലുണ്ടെന്ന് പറഞ്ഞത് വൻ വിവാദമായിരുന്നു. പാലക്കാട്‌ കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങൾക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ലന്നും സുരേഷ് ഗോപി പറഞ്ഞതും വലിയ ചർച്ചയാകുന്നു.

വ്യക്തിപരമായ ആവശ്യങ്ങൾക്കായി ആരും കലുങ്ക് സംവാദത്തിൽ വരേണ്ടതില്ലെന്നും നിവേദനങ്ങൾ നേരിട്ട് നൽകരുതെന്നും സുരേഷ് ​ഗോപി പറഞ്ഞു. പറളിയിൽ നടന്ന പരിപാടിക്ക് എത്തുന്നതിനു മുമ്പ് സംഘാടകർക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകുകയും ചെയ്തിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വ്യക്തിപരമായ ഒരു ആവശ്യങ്ങളും കലുങ്ക് സംവാദം പരിഗണിക്കില്ല. അതുവെച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികൾ വിചാരിക്കേണ്ട. നിവേദനം തന്നയാളെ ഞാൻ അവഹേളിച്ചു എന്ന് പറയുന്നത് അവരുടെ മാത്രം വ്യാഖ്യാനമാണ്. അവഹേളനങ്ങൾക്ക് താൻ പുല്ലുവിലയാണ് നൽകുന്നതെന്നും സുരേഷ് ​ഗോപി സിനിമാ സ്റ്റൈലിൽ പറഞ്ഞു.

തൃശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളിൽ നടന്ന കലുങ്ക് സംവാദത്തിനിടയിൽ വയോധികന്റെ നിവേദനം സുരേഷ് ഗോപി നിരസിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പുള്ള് സ്വദേശി തായാട്ട് കൊച്ചുവേലായുധനെന്ന വയോധികനാണ് തെങ്ങുവീണ് തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായത്തിനായി സുരേഷ് ഗോപിക്ക് നേരിട്ട് അപേക്ഷ നല്‍കാനായി എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സംവാദം നടക്കുമ്പോഴാണ് കൊച്ചുവേലായുധനെന്ന വയോധികന്‍ കവറില്‍ അപേക്ഷയുമായി വന്നത്. ഇതൊന്നും എം പിക്കല്ല, പോയി പഞ്ചായത്തില്‍ പറയാനാണ് അന്ന് സുരേഷ് ഗോപി പറഞ്ഞത്. സംവാദം നടക്കുന്ന ആല്‍ത്തറയില്‍ സുരേഷ് ഗോപിയുടെ അടുത്ത് ഇരിക്കുന്ന ആളിന്റെ കൈയിലും ഒരു നിവേദനം ഉണ്ടായിരുന്നു. ഇത് കേട്ടപാടെ അയാള്‍ കവര്‍ പിന്നില്‍ ഒളിപ്പിച്ചതും ചർച്ച ചെയ്യപ്പെട്ടു, ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment