സ്കൂൾ കുത്തി തുറന്ന ശേഷം സമീപത്തെ കെട്ടിടത്തിനു പുറത്ത് കിടന്നുറങ്ങിയ മോഷ്ടാവിനെ പിടികൂടി. ആറ്റിങ്ങൽ വീരളം ദിവ്യ ഭവനിൽ വിനീഷ് ( 23 ) ആണ് പിടിയിലായത്. ആറ്റിങ്ങൽ സി എസ് ഐ സ്കൂളിൽ വെള്ളിയാഴ്ച രാത്രിയാണ് മോഷ ശ്രമം നടന്നത്. ശനിയാഴ്ച രാവിലെ സ്കൂളിലെ സെക്യൂരിട്ടി ജീവനക്കാരൻ സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിലെ ലൈറ്റ് ഓഫ് ചെയ്യാനെത്തിയപ്പോഴാണ് ഓഫീസ് റൂം തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉള്ളിൽ അലമാരയും തുറന്നു കിടക്കുന്നത് കണ്ട ജീവനക്കാരൻ വിവരം സ്കൂൾ അധികൃതരേയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി സ്കൂൾ പരിസരത്ത് നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിടത്തിൻ്റെ വരാന്തയിൽ കിടന്നുറങ്ങിയ വിനീഷിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. പണമോ വിലപിടിപ്പുള്ള മറ്റു സാധാനങ്ങളോ നഷ്ടമായിട്ടില്ലന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.