പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിന് നിർദേശങ്ങൾ നൽകി മന്ത്രി വി ശിവൻകുട്ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി നിർദേശം വച്ചത്. ഫയലുകളിലെ കാലതാമസം ഒഴിവാക്കുന്നതിനും വിദ്യാർഥികൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി നൽകുകയും വേണം.
വകുപ്പിലെ എല്ലാ ഓഫീസുകളിലും പഞ്ചിങ് സംവിധാനം കർശനമാക്കണം. എല്ലാ ഫയലുകളും പൂർണമായും ഇ – ഓഫീസ് സംവിധാനത്തിലേക്ക് മാറ്റണം. മാന്വൽ ഫയലുകൾ ഉപയോഗിക്കരുത്. വകുപ്പിന്റെ വെബ്സൈറ്റിൽ എല്ലാ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പരുകൾ പ്രസിദ്ധീകരിക്കണം. അടിയന്തരമായി തീരുമാനമെടുക്കേണ്ട ഫയലുകൾ ഒട്ടും വൈകരുത്. ഫയലുകൾ ഒരു ഓഫീസിൽനിന്ന് മറ്റൊരു ഓഫീസിലേക്ക് അയച്ചാൽ മാത്രം ഉത്തരവാദിത്തം തീരുന്നില്ലെന്നും തുടർനടപടികൾ ഉറപ്പാക്കാൻ സെക്ഷൻ സൂപ്രണ്ടുമാർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വിജിലൻസ്, പെൻഷൻ, ഓഡിറ്റ് ഫയലുകൾ കാലതാമസം കൂടാതെ തീർപ്പാക്കണം.
ഹയർസെക്കൻഡറി പുനർമൂല്യനിർണയം കഴിഞ്ഞ വിദ്യാർഥികളിൽ ഇനിയും സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തവർക്ക് ഉടൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കണം. കൂടാതെ, പൊതുപരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ അധികസമയം, സ്ക്രൈബ് പോലുള്ള ആനുകൂല്യങ്ങൾ പരീക്ഷ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അനുവദിക്കണം.
വകുപ്പിലുണ്ടാകുന്ന ഒഴിവുകൾ കൃത്യമായി നികത്തണം. ഈ മാസം തന്നെ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തസ്തികമാറ്റ നിയമന ഉത്തരവുകൾ നൽകണം. ഒക്ടോബർ 9 ന് അവസാനിക്കുന്ന യു പി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമന നടപടികൾ വേഗത്തിലാക്കാനും മന്ത്രി നിർദ്ദേശിച്ചു. 2025 ജൂലൈ ഒന്നുമുതൽ ആഗസ്ത് 31 വരെ നടത്തിയ ഫയൽ അദാലത്തിൽ തീർപ്പാക്കാൻ ബാക്കിയുണ്ടായിരുന്ന 30,808 ഫയലുകളിൽ 15,886 എണ്ണം (51.56 ശതമാനം) തീർപ്പാക്കിയതായി യോഗം വിലയിരുത്തി. യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്, സ്പെഷ്യൽ സെക്രട്ടറി എസ് ചിത്ര തുടങ്ങിയവരും പങ്കെടുത്തിരുന്നു.
