മില്‍മ പുറത്തിറക്കുന്ന ചില പാലുത്പന്നങ്ങളുടെ വില കുറയും. ജി എസ് ടി ഇളവിന്റെ ഗുണം നേരിട്ട് ഉപഭോക്താക്കൾക്ക് നൽകാന്‍ മില്‍മ തീരുമാനിച്ചതോടെയാണിത്. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്.
നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയില്‍ നിന്ന് 675 രൂപയാകും ഇനി മുതൽ നെയ്യുടെ വില. 370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ഇനി ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനി മുതല്‍ 225 രൂപയ്ക്ക് ലഭിക്കും.
500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപ ആകും. പനീറിന്റെ ജി എസ് ടി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. മില്‍മ വാനില ഐസ്‌ക്രീമിന് 220 രൂപയായിരുന്നു. ഇത് 196 രൂപയായി കുറയും എന്നാണ് മിൽമ അറിയിച്ചിരിക്കുന്നത്.
