വിറ്റ പൂവിനു പണം ചോദിച്ച വ്യാപാരിക്കു കുത്തേറ്റു

At Malayalam
1 Min Read

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പൂക്കച്ചവടം നടത്തിയിരുന്ന ഒരാൾക്ക് കുത്തേറ്റു. നെടുമങ്ങാട് കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്‌നേഹ ഫ്ളവര്‍ മാര്‍ട്ടിലാണ് സംഭവം നടന്നത്. അനീഷ്‌കുമാർ എന്ന തമിഴ്നാട് തെങ്കാശി സ്വദേശിക്കാണ് നെഞ്ചില്‍ കുത്തേറ്റത്. പൂക്കട ജീവനക്കാരനായ കുമാർ ആണ് അനീഷ് കുമാറിനെ കുത്തിയതെന്ന് പൊലിസ് പറഞ്ഞു. കട്ടപ്പ എന്ന ഇരട്ടപേരിലാണത്രേ കുമാര്‍ അറിയപ്പെടുന്നത്. തെങ്കാശിയിൽ നിന്ന് പൂവ് എത്തിച്ചു കൊടുത്ത പണം വാങ്ങാനെത്തിയപ്പോഴാണ് കുമാർ അനീഷിനെ കുത്തിയത്.

മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തര്‍ക്കം ഉണ്ടായതായി സമീപത്തുള്ള മറ്റു കച്ചവടക്കാർ പറയുന്നു. തര്‍ക്കത്തിനിടെ പൂവെട്ടുന്ന കത്രിക എടുത്ത് കുമാർ അനീഷിനെ കുത്തുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാരാണ് അനീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

കടയുടമയായ രാജനെയും കുമാറിനേയും നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ കുമാറിനെ പിന്തുടർന്ന പൊലീസ് നെടുമങ്ങാട് മാര്‍ക്കറ്റില്‍ നിന്നാണ് അയാളെ അറസ്റ്റു ചെയ്തത്.

Share This Article
Leave a comment