തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കളമൊരുങ്ങുന്നതായി സൂചന. തമിഴക വെട്രി കഴകം ( ടി വി കെ ) നേതാവും നടനുമായ വിജയ്, കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയിൽ വിജയ് പങ്കെടുത്തേക്കുമെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ. നിലവില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിനും ഈ യാത്രയില്‍ പങ്കാളിയായിട്ടുണ്ട്.
വിജയ് അടുത്തിടെ ബി ജെ പിക്കും ഡി എം കെയ്ക്കും എതിരെ പൊതുവേദിയിൽ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രാഹുൽ നടത്തുന്ന പോരാട്ടങ്ങളെ വിജയ് പിന്തുണ അറിയിക്കുകയും ചെയ്തു. രാഷ്ട്രീയ നേതാക്കളെയും കലാ, സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും യാത്രയിൽ പങ്കെടുപ്പിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുമുണ്ട്. ഈ യാത്രയിൽ വിജയ് പങ്കെടുക്കുന്നത് ഭാവിയിൽ കോണ്‍ഗ്രസുമായി ഒരു സഖ്യമുണ്ടാക്കാൻ സഹായിക്കുമെന്ന് ടി വി കെ കരുതുന്നതായാണ് വിലയിരുത്തൽ.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിൽ കോണ്‍ഗ്രസിനെയും മറ്റു ചെറു കക്ഷികളെയും ചേർത്ത് ഒരു മൂന്നാം മുന്നണി രൂപീകരിക്കാൻ ടി വി കെ ശ്രമിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. ഈ നീക്കത്തിലൂടെ, ഡി എം ഡി കെ, പി എം കെ തുടങ്ങിയ പാർട്ടികളെയും ഒപ്പം നിർത്താനാണ് വിജയ് ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കൾക്ക് ഡി എം കെയുടെ ഭാഗത്തു നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന പരാതിയുണ്ടെന്നും ടി വി കെ ഇതു മുതലെടുക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
എങ്കിലും, കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഡി എം കെ സഖ്യത്തിൽ ഉറച്ചുനിൽക്കുന്നു. മുഖ്യമന്ത്രി സ്റ്റാലിനുമായി വളരെ നല്ല ബന്ധമാണ് കോണ്‍ഗ്രസ് നേതൃത്വം പുലര്‍ത്തുന്നത്. ഡി എം കെ സഖ്യം ഭദ്രമാണെന്ന് സ്റ്റാലിൻ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, മുന്നണി മാറ്റത്തിന് കോണ്‍ഗ്രസ് സമ്മതിക്കാൻ സാധ്യതയില്ല.
വിജയ്ക്കും അംഗരക്ഷകര്‍ക്കുമെതിരെ കേസെടുത്തു
മധുരയിൽ നടന്ന ടി വി കെ സമ്മേളനത്തിനിടെയുണ്ടായ ഒരു സംഭവത്തിൽ നടൻ വിജയ്ക്കും അദ്ദേഹത്തിന്റെ അംഗരക്ഷകർക്കും ( ബൗൺസർമാർ ) എതിരെ പൊലീസ് കേസെടുത്തു. പെരമ്പല്ലൂർ സ്വദേശിയായ ശരത് കുമാർ എന്ന യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സമ്മേളനത്തിൽ വിജയ് റാംപിലൂടെ നടന്ന് പ്രവർത്തകർക്കിടയിലേക്ക് വരുമ്പോൾ, അദ്ദേഹത്തിന് സുരക്ഷയൊരുക്കി അംഗരക്ഷകരും കൂടെയുണ്ടായിരുന്നു. ഈ സമയത്ത് റാംപിലേക്ക് കയറാൻ ശ്രമിച്ച തന്നെ അംഗരക്ഷകർ തള്ളിയിട്ടെന്നും ഇതിൽ തനിക്ക് പരിക്കേറ്റെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടായെന്നും ശരത് കുമാർ എന്ന യുവാവ് പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്.
പെരമ്പല്ലൂർ ജില്ലയിലെ കുന്നം പൊലീസ് വിജയ്ക്കും പത്ത് അംഗരക്ഷകർക്കും എതിരെയാണ് കേസെടുത്തിട്ടുള്ളത്. വിഷയത്തിൽ വിജയ്യും ടി വി കെയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.