കപ്പലപകടം : കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്ത് തുടങ്ങി

At Malayalam
1 Min Read

കൊച്ചി തീരത്ത് അപകടത്തിൽ പെട്ട കപ്പലിൽ നിന്നും കൊല്ലം ജില്ലയുടെ വിവിധ തീരദേശ മേഖലകളിൽ വന്നടിഞ്ഞ കണ്ടെയ്നറുകൾ സുരക്ഷിതമായി നീക്കം ചെയ്യുന്ന പ്രവർത്തികൾ തുടങ്ങി. ആലപ്പാട്, നീണ്ടകര, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂർ വില്ലേജുകളുടെ പരിധിയിലായി 32 കണ്ടെയ്നറുകളാണ് അടിഞ്ഞിട്ടുള്ളത്. ക്രയിൻ അടക്കമുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ പറ്റാത്ത പ്രദേശങ്ങളിലാണ് ബഹുഭൂരിപക്ഷം കണ്ടെയ്നറുകളും കിടക്കുന്നത്. കടൽ മാർഗ്ഗം ഇവയെ വലിച്ചുകൊണ്ടുപോയി കൊല്ലം പോർട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

അപകടത്തിൽ പെട്ട കപ്പലിന്റെ ഉടമകളായ എം എസ് സി കമ്പനി കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തികൾ വാട്ടർ ലൈൻ എന്ന കമ്പനിക്ക് കരാർ നൽകിയിട്ടുണ്ട്. തകരാറിലായ കണ്ടെയ്നറുകളും തീരത്തടിഞ്ഞ മറ്റു മാലിന്യങ്ങളും നീക്കം ചെയ്യുന്ന ടി ആൻറ് ടി സാൽവേജ് കമ്പനിയുടെ പ്രതിനിധികളും ഇന്നലെ കൊല്ലത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിൽ തീരത്തടിഞ്ഞ മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച്, സംസ്കരിക്കുന്ന പ്രവർത്തികൾ ഇന്നു രാവിലെ തുടങ്ങും.

ജില്ലാ ഭരണകൂടത്തെ സഹായിക്കുന്നതിനായി രാസ ദുരന്ത പ്രതികരണത്തിൽ വൈദഗ്ധ്യം നേടിയ ദേശീയ ദുരന്ത പ്രതികരണ സേനയുടെ പ്രത്യേക സംഘവും കൊല്ലത്ത് എത്തിയിട്ടുണ്ട്. തീരത്തടിഞ്ഞ കണ്ടെയ്നറുകൾ പരിശോധിക്കുന്നതിനായി കസ്റ്റംസ്‌ അധികൃതരും ജില്ലയിൽ തങ്ങുന്നു.

കപ്പലപകടം മൂലം ജില്ല അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യം മുൻനിർത്തി സ്വീകരിച്ച നടപടികളുടെ അവലോകനത്തിനായി ചവറ കെ എം എം എൽ ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഇന്നലെ യോഗം ചേർന്നിരുന്നു.

- Advertisement -

പൊതുജനങ്ങൾ ജാഗ്രത തുടരണമെന്നും തീരത്തടിയുന്ന കണ്ടെയ്‌നറുകൾ, മറ്റു വസ്തുക്കൾ എന്നിവയിൽ നിന്നും അകലം പാലിക്കണമെന്നും ഇവ യാതൊരു കാരണവശാലും കൈകാര്യം ചെയ്യാൻ ശ്രമിക്കരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ല ഇതുവരെ നേരിട്ടിട്ടില്ലാത്ത ഈ അടിയന്തര സാഹചര്യം നേരിടുന്നതിനായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തദ്ദേശ വാസികളുടെ പരിപൂർണ്ണ സഹകരണം ജില്ലാ കളക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment