മൂന്നാറിൽ വീണ്ടും നീലക്കുറിഞ്ഞി പൂക്കൾ വിരിഞ്ഞു തുടങ്ങി. ഇക്കാനഗർ, ഗ്രഹാംസ് ലാൻഡ്, മാട്ടുപ്പട്ടി എന്നീ മൂന്നു സ്ഥലങ്ങളിലാണ് പൂക്കൾ വിരിഞ്ഞു തുടങ്ങിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഇവ വിരിഞ്ഞത്. നിലവിൽ പ്രദേശത്തെ ഏതാനും ചെടികളിൽ മാത്രമേ പൂക്കൾ വിരിഞ്ഞിട്ടുള്ളൂ. വരും ദിവസങ്ങളിൽ കൂടുതൽ നീലക്കുറിഞ്ഞി ചെടികൾ പൂവിട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വലിയ തോതിൽ നീലക്കുറിഞ്ഞി പൂക്കൾ വിരിയുമ്പോൾ അത് കാണാനും ആസ്വദിക്കാനുമായി മൂന്നാറിലേയ്ക്ക് വിനോദസഞ്ചാരികളുടെ തിരക്കാകും. നീലഗിരിക്കുന്നുകളിലും കൊടൈക്കനാല്‍ മേഖലയിലും നീലക്കുറിഞ്ഞികള്‍ സമൃദ്ധമായി കാണാം. വരയാടുകളുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന ഇരവികുളം ദേശീയോദ്യാനം നീലക്കുറിഞ്ഞി പൂക്കളുടെ കേന്ദ്രമാണ്. 2018 ൽ നീലക്കുറിഞ്ഞി പൂത്തിരുന്നു എന്നാൽ പ്രളയം കാരണം വലിയ രീതിയിലുള്ള വസന്തമുണ്ടായിരുന്നില്ല. ഇനി പൂവിടാൻ 2030 വരെ കാത്തിരിക്കണം എന്നാണ് കരുതിയിരുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായാണ് ഇപ്പോൾ നീലക്കുറിഞ്ഞി പൂവിടാൻ തുടങ്ങിയത്.
പശ്ചിമ ഘട്ടങ്ങളുടെ ഉയര്‍ന്ന പ്രദേശങ്ങളായ പുല്‍മേടുകളിലും ഷോലക്കാടുകളിലും കാണപ്പെടുന്ന ഒരു അപൂർവ ഇനം സസ്യമാണ് നീലക്കുറിഞ്ഞി. 12 വർഷത്തിലൊരിക്കലാണ് ഇവ പൂവിടുന്നത്. എന്നാൽ അപൂർവം ചില സമയത്ത് ഒറ്റപ്പെട്ട് പൂക്കാറുണ്ട്. ഒരു കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി. ഇത് മൂന്നാര്‍ മലനിരകളിൽ സമൃദ്ധമായി കാണപ്പെടുന്നതാണ്.