തിരുവനന്തപുരം പൂജപ്പുര സെന്‍ട്രൽ ജയിലിന്റെ ഭക്ഷണശാലയിൽ നിന്നു പണം കവർന്ന പ്രതി പിടിയിലായി. പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഹാദി ( 26 )യാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ പത്തനംതിട്ട തിരുവല്ലത്ത് നിന്നാണ് പിടികൂടിയത്. തടവുകാര്‍ ഉള്‍പ്പെടെ നടത്തുന്ന ഫുഡ് ഫോര്‍ ഫ്രീഡം കഫറ്റീരിയയിലായിരുന്നു ഇയാൾ മോഷണം നടത്തിയത്. കഫറ്റീരിയയിൽ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. മോഷ്ടിച്ച തുക കൊണ്ട് പ്രതി ഐഫോണും മറ്റു സാധനങ്ങളും വാങ്ങിയതായി പൊലിസ് കണ്ടെത്തി.
മോഷണക്കേസിൽ ഇയാൾ നേരത്തേ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജയിൽ ക്യാന്റീനിലെ കൗണ്ടറിൽ ജോലി ചെയ്തിട്ടുമുണ്ട്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയശേഷമാണ് മോഷണം നടത്തിയത്. കഴിഞ്ഞ 18 നാണ് മോഷണം നടന്നത്. ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് ഇയാൾ കവർന്നത്. സി സി ടി വികൾ പ്രവർത്തന രഹിതമായിരുന്നു എന്നാണ് അറിയുന്നത്.
പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്ക് വരുന്ന റോഡിന്‍റെ അരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്. ഈ പ്രദേശം അതീവ സരുക്ഷാ മേഖലയാണ്. എന്നാൽ ഭക്ഷണശാലയിലെ സി സി ടി വി പ്രവർത്തിക്കുന്നില്ലായിരുന്നു. മൂന്നു ദിവസത്തെ കളക്ഷന്‍ പണമാണ് മോഷ്ടിച്ചത്. ഭക്ഷണശാലക്ക് പുറകിൽ മറ്റൊരു മുറിയുമുണ്ട്. ഈ മുറിയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഭക്ഷണശാല പൂട്ടിയിട്ട് താക്കോൽ മാറ്റി വച്ചിരുന്നു. അവിടുന്ന് താക്കോലെടുത്ത് മുറി തുറന്ന് മേശക്കുള്ളിൽ വച്ചിരുന്ന പണം എടുത്തുകൊണ്ടു പോകുകയായിരുന്നു. മുൻപരിചയം ഇയാൾക്ക് മോഷണത്തിന് സഹായമാവുകയും ചെയ്തു.