ചലച്ചിത്ര നടൻ ഷാനവാസ് അന്തരിച്ചു

At Malayalam
1 Min Read

അനശ്വര നടൻ പ്രേംനസീറിന്റെ മകനും ചലച്ചിത്ര നടനുമായ ഷാനവാസ് അന്തരിച്ചു. അദ്ദേഹത്തിന് 71 വയസായിരുന്നു പ്രായം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മലയാളത്തിൽ 50 ൽ അധികം ചലച്ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹബീബ ബീവിയാണ് മാതാവ്.

ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മോണ്ട്‌ഫോർട്ട് സ്‌കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഷാനവാസ് ചെന്നൈയിലെ പ്രശസ്തമായ ന്യൂ കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾഎന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. അംബികയായിരുന്നു ചിത്രത്തിലെ നായിക. നീണ്ട ഇടവേളയ്ക്കു ശേഷം 2011 ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന മോഹൻലാൽ ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേയ്ക്കു പുനഃപ്രവേശനം നടത്തി.

ഷാനവാസ് ഏറെക്കാലമായി മലേഷ്യയിലായിരുന്നു താമസം. പ്രേംനസീറിന്റ മൂത്ത സഹോദരി സുലൈഖാ ബീവിയുടെ മകളായ ആയിഷ ബീവിയാണ് അദ്ദേഹത്തിൻ്റെ ഭാര്യ. ഷമീർഖാൻ, അജിത് ഖാൻ എന്നിവരാണ് മക്കൾ. ഭൗതികദേഹം ഇന്നു (ചൊവ്വ) രാവിലെ 9 മണി മുതൽ വഴുതക്കാട് ആകാശവാണിക്കു സമീപത്തായുള്ള ഫ്ലാറ്റിൽ പൊതുദർശനത്തിനു വയ്ക്കുമെന്നും വൈകീട്ട് പാളയം ജുമാ മസ്ജിദിൽ സംസ്ക്കാരം നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു.

Share This Article
Leave a comment