വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റുള്ള അപകടങ്ങൾ അടുത്തകാലത്തായി കേരളത്തിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുകൊല്ലത്തിനിടെ 24 പേരാണ് ഇത്തരത്തിൽ മരണമടഞ്ഞത്. അടുത്തിടെ രണ്ടു കുട്ടികളുൾപ്പെടെ വേലിയിൽ നിന്നു ഷോക്കേറ്റ് മരിച്ച സ്ഥിതിയുണ്ടായി. പലപ്പോഴും കെ എസ് ഇ ബിയുടെ വൈദ്യുതി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചോ വീട്ടിലെ കണക്ഷനിൽ നിന്നോ വേലികളിലേക്ക് വൈദ്യുതി കടത്തിവിടുന്നതാണ് അപകടത്തിൽ കലാശിക്കുന്നത്.
വന്യജീവി ആക്രമണത്തെയും വിളനാശത്തെയും ചെറുക്കാൻ വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ് എന്ന് ഓർക്കുക. ഒരു കാരണവശാലും കെ എസ് ഇ ബി ലൈനിൽ നിന്നുള്ള വൈദ്യുതി നേരിട്ടോ അല്ലാതെയോ ഇത്തരം വൈദ്യുതി വേലികളിലേക്ക് പ്രവഹിപ്പിക്കാൻ പാടില്ല. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സ്റ്റാൻഡേർഡ് IS – 302 – 2 – 76 – (1999 ) സെക്ഷൻ 76 പാർട്ട് 2 പ്രകാരം ഇംപൾസ് ജനറേറ്റർ ഉള്ള ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഫെൻസ് എനെർജൈസേഴ്സ് മാത്രമേ ഉപയോഗിക്കാവൂ.
വൈദ്യുത വേലികൾക്കു വേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003 ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14 – വകുപ്പ് 135 (1 ) (e ) പ്രകാരം നിയമവിരുദ്ധവും ശിക്ഷാർഹവുമാണ് എന്നറിയുക.