മണ്ണിന്റെ മണമുള്ള സെന്റ് വേണോ ? റ്റി ബി ജി ആർ ഐ തരും

At Malayalam
1 Min Read

ഉണങ്ങി വരണ്ട മണ്ണിൽ പുതുമഴ തുള്ളികള്‍ പെയ്തിറങ്ങുമ്പോഴുള്ള സുഗന്ധം ആരെയാണ് കൊതിപ്പിക്കാത്തത്. മനുഷ്യ മനസിനെ പുതിയ അനുഭൂതി തലങ്ങളിലേക്ക് ഉണര്‍ത്തി വിടാനുള്ള സവിശേഷമായ ഒരു പ്രത്യേകത ഈ ഗന്ധത്തിനുണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സസ്യങ്ങളില്‍ നിന്ന് ഇത്തരം സുഗന്ധം സൃഷ്ടിച്ച് അത്തറാക്കി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്ക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( ജെ എന്‍ ടി ബി ജി ആര്‍ ഐ).

ഉത്തര്‍പ്രദേശില്‍ വികസിപ്പിച്ചെടുത്ത മിട്ടി കാ അത്തര്‍ എന്ന വിലകൂടിയ അത്തറിനു പകരമായി താരതമ്യേന ചെലവു കുറഞ്ഞ രീതിയിലാണ് ജെ എന്‍ ടി ബി ജി ആര്‍ ഐ അത്തര്‍ നിർമിക്കുന്നത്. നല്ല സൂര്യപ്രകാശത്തില്‍ ഉണക്കിയ ചൂടുള്ള മണ്ണ് വാറ്റിയെടുത്താണ് മിട്ടി കാ അത്തര്‍ ഉണ്ടാക്കുന്നത്. ഇതിന്റെ നിര്‍മാണ ചെലവ് വളരെ ഉയർന്നതാണ്. അതിനാൽ വിപണിയിൽ അത് തൊട്ടാൽ പൊള്ളും എന്നതാണ് വസ്തുത. എന്നാൽ പുതുമഴയുടെ ഗന്ധം സസ്യ സ്രോതസുകളില്‍ നിന്ന് പുനര്‍ നിര്‍മിക്കാന്‍ കഴിയും എന്ന ജെ എന്‍ ടി ബി ജി ആര്‍ ഐ യുടെ കണ്ടെത്തലോടെ ഇനി ഈ അത്തർ സാധാരണക്കാരുടെ കയ്യെത്തും ദൂരത്തുണ്ടാകും.

സ്ട്രെപ്റ്റോമൈസിസ് എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന സെസ്‌ക്വിറ്റര്‍പീന്‍ ജിയോസ്മിന്‍ എന്ന ബാക്ടീരിയയാണ് മണ്ണിന്റെ കൊതിപ്പിക്കുന്ന മണത്തിനു കാരണം. മഴയ്ക്കു ശേഷമുള്ള സവിശേഷമായ മണ്ണിന്റെ ഗന്ധം, സസ്യങ്ങളില്‍ നിന്നു വലിച്ചെടുത്ത് ട്രോപ്പിക്കല്‍ സോയില്‍ സെന്റ് എന്ന പേരിലാവും വിപണിയിലെത്തുക.

കൂടാതെ ആരോഗ്യ സംരക്ഷണത്തിനായി സുരക്ഷിതവും ലളിതവും ഫലപ്രദവും പരിസ്ഥിതി സൗഹാർദവുമായ ഹെര്‍ബല്‍ ഹെല്‍ത്ത് കെയര്‍ കിറ്റ് വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ജെ എന്‍ ടി ബി ജി ആര്‍ ഐ തുടങ്ങിക്കഴിഞ്ഞു. എട്ടോളം ഹെര്‍ബല്‍ ഉത്പ്പന്നങ്ങൾ, ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യയും സംയോജിപ്പിച്ചു കൊണ്ട് പരമ്പരാഗത രീതിയിൽ പുറത്തിറക്കാനാണ് ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത്.

- Advertisement -

Share This Article
Leave a comment