കൊൽക്കത്ത ഐ ഐ എമ്മിൽ കൗൺസലിംഗിന് എത്തിയ വിദ്യാർഥിനി ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് പീഡിപ്പിക്കപ്പെട്ടതായി പരാതി. ഐ ഐ എമ്മിൽ എത്തിയ വിദ്യാർഥിനിയെ , അവിടെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും കർണാടക സ്വദേശിയുമായ പരമാനന്ദ ടൊപ്പനുവാർ അങ്ങോട്ടു ചെന്ന് പരിചയപ്പെടുകയായിരുന്നു. കൗൺസലിംഗ് ഹാൾ കാട്ടിക്കൊടുക്കാം എന്നറിയിച്ച് പെൺകുട്ടിയുമായി ഇയാൾ തൻ്റെ ഹോസ്റ്റലിലേക്കാണ് പോയത് എന്നു മാത്രം. ഹോസ്റ്റലിലെ സന്ദർശക രജിസ്റ്ററിൽ പേരെഴുതാതെയും സെക്യൂരിക്കാരുടെ കണ്ണുവെട്ടിച്ചുമാണ് ഇയാൾ അകത്തു കയറിയത് എന്ന് പറയപ്പെടുന്നു.
പെൺകുട്ടി ഭക്ഷണം കഴിച്ചിട്ടില്ല എന്ന് മനസിലാക്കിയ പരമാനന്ദ് നിർബന്ധിച്ച് ഭക്ഷണം കഴിയ്ക്കാൻ റൂമിൽ കുട്ടിക്കൊണ്ടു പോവുകയായിരുന്നു. കഴിക്കാൻ പിസയും കുടിക്കാൻ വെള്ളവും നൽകിയതായി പെൺകുട്ടി പറയുന്നു. അതു കഴിച്ചതോടെ താൻ മയങ്ങി വീണതായും പെൺകുട്ടി പറഞ്ഞു. തുടർന്ന് പരമാനന്ദ് തന്നെ മാനഭംഗപ്പെടുത്തിയതായാണ് പെൺകുട്ടി പറയുന്നത്. ബോധം തെളിഞ്ഞപ്പോൾ താൻ പുറത്തേക്കോടി സുഹൃത്തിനോട് വിവരം പറയുകയായിരുന്നു. തുടർന്നാണ് പരാതിയുമായി പൊലിസിൽ എത്തിയത്.
പരമാനന്ദിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിൽ മറ്റു ചിലർ കൂടി ബന്ധപ്പെട്ടിട്ടുള്ളതായും പൊലിസ് സംശയിക്കുന്നു. ഹോസ്റ്റലിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം സെക്യൂരിറ്റി ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് കൊൽക്കത്തയിൽ ലോ കോളജിൽ ഒരു പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. അതിനിടയിലാണ് സമാനമായ കേസ് വീണ്ടും ഉണ്ടായിരിക്കുന്നത്.