കൊച്ചിയിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയിൽ 64 ശതമാനം ഡിസ്‌കൗണ്ട് നൽകുമെന്ന് കാണിച്ച് പരസ്യം നൽകി ഉപഭോക്താവിനെ കബളിച്ചെന്ന പരാതിയിൽ, വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നിർദ്ദേശിച്ചു.
എറണാകും, മാലിപ്പുറം സ്വദേശി, മനുവൽ വിൻസെന്റ്, 2023 ഫെബ്രുവരി മാസത്തിലാണ് മൈജി ഫ്യൂച്ചർ എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച പരസ്യത്തെ തുടർന്ന് 10 ലിറ്റർ ബിരിയാണി പോട്ട് 64 ശതമാനം വിലക്കുറവിൽ 1,199 രൂപയ്ക്ക് വാങ്ങിയത്. എന്നാൽ ലഭിച്ച ഇൻവോയിസ് പ്രകാരം യഥാർത്ഥ വില വെറും 1,890 ആയിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പരാതിക്കാരൻ കമ്മീ ഷനെ സമീപിച്ചത്.
തെറ്റായ വിലക്കുറവ് കാണിച്ച് പരസ്യം ചെയ്ത് ഉപഭോക്താവിനെ കബളിപ്പിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമം 2019 ന്റെ സെക്ഷൻ 2(28) പരാമർശിക്കും പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ആണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരും അടങ്ങിയ ബെഞ്ച് വിലയിരുത്തി.
തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ ഇനി പുറപ്പെടുവിക്കുന്നതിൽ നിന്നും ഈ സ്ഥാപനത്തെ കമ്മീഷൻ വിലക്കുകയും ചെയ്തു. കൂടാതെ, എതിർ കക്ഷി ഉപഭോക്താവിൽ നിന്ന് അധികമായി ഈടാക്കിയ 519 രൂപ തിരികെ നൽകാനും നഷ്ടപരിഹാരം കോടതി ചെലവ് എന്നിവയായ 15,000 രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് ഉത്തരവും നൽകി.
ഈ വിധിന്ന്യായം, ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും വിപണിയിൽ നീതിയും വിശ്വാസവും നിലനിർത്തുന്നതിനും വളരെ ഗൗരവമുള്ള സന്ദേശമാണ് നൽകുന്നത്. യോഗ്യമായ തെളിവുകൾ ഉന്നയിച്ച ഉപഭോക്താവിന് നീതി ഉറപ്പാക്കിയത് ജാഗ്രതയോടെയും കരുതലോടെയുമുള്ള നിയമവ്യവസ്ഥയുടെ വിജയമാണെന്ന് ഉത്തരവിൽ പറയുന്നു.