ജനത്തിരക്കേറിയ പ്രത്യേക സ്ഥലങ്ങളിൽ ട്രിങ്കിംഗ് വാട്ടർ എ ടി എമ്മുകൾ സജ്ജീകരിക്കാൻ സർക്കാർ പദ്ധതി തയ്യാറായി. കുടിവെള്ള മേഖലയിലെ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുകയാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. കുപ്പിവെള്ളത്തേക്കാൾ കുറഞ്ഞ ചെലവിൽ ശുദ്ധമായ കുടിവെള്ളം കിട്ടുകയും ചെയ്യും. ക്യു ആർ കോഡ് സ്‌കാൻചെയ്ത് പണം അടച്ചാൽ ആവശ്യത്തിന് വെള്ളം ശേഖരിക്കാൻ കഴിയുന്ന യന്ത്ര സംവിധാനമാണ് ഒരുക്കുന്നത്. വെള്ളം ശേഖരിക്കാനുള്ള പാത്രം ഉപഭോക്താക്കൾ കൊണ്ടുവരണം.
ആദ്യഘട്ടത്തിൽ മൂന്നാർ, തേക്കടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും മെഡിക്കൽ കോളജുകളിലും വാട്ടർ എ ടി എം സ്ഥാപിക്കും. പിന്നീട് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. പദ്ധതിക്കായുള്ള പഠനം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ജനങ്ങൾക്കും കമ്പനിക്കും പദ്ധതി ഒരുപോലെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. കമ്പനിയുടെ അടുത്ത ഡയറക്‌ടർ ബോർഡ് യോഗത്തിൽ അന്തിമാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എടിഎം നിർമിക്കുന്നതിനുള്ള ചർച്ച നടക്കുന്നു. ഉടനെ ടെൻഡർ വിളിക്കും. മൂന്നു മാസത്തിനുള്ളിൽ ആദ്യ വാട്ടർ എ ടി എം പ്രവർത്തന സജ്ജമാക്കും. കമ്പനിയുടെ തൊടുപുഴ മലങ്കര, തിരുവനന്തപുരത്തെ അരുവിക്കര എന്നീ പ്ലാൻ്റുകളിലെ ശുദ്ധജലമാണ് എ ടി എമ്മുകളിൽ നിറയ്ക്കുക. പ്ലാന്റുകളിൽനിന്ന് വലിയ ജാറുകളിൽ വെള്ളം അതത് കേന്ദ്രങ്ങളിൽ എത്തിക്കും. ക്യു ആർ കോഡ് സ്കാൻ ചെയ്തത് പണം അടയ്ക്കുമ്പോൾ ഓട്ടോമാറ്റിക്കായി മെഷീനിൽനിന്ന് വെള്ളം കിട്ടും.
എ ടി എമ്മുകൾ പരിപാലിക്കുന്നതിന് ഡീലർമാരേയും നിയോഗിക്കും. വിനോദ സഞ്ചാരമേഖലകളിലും മറ്റും ആളുകൾ വെള്ളം കുടിച്ചിട്ട് കുപ്പികൾ അലക്ഷ്യമായി ഇടുന്നുണ്ട്. വാട്ടർ എ ടി എം സ്ഥാപിക്കുന്നതോടെ ഇത് ഗണ്യമായി കുറയും എന്നാണ് കണക്കു കൂട്ടുന്നത്. ഹില്ലി അക്വ ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 15 രൂപയേ ഉള്ളൂ. സപ്ലൈകോ, റേഷൻകട, ജയിൽ ഔട്ട്ലറ്റ്ലെറ്റുകൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ലിറ്ററിന് 10 രൂപ നൽകിയാൽ മതി എന്ന പ്രത്യേകതയുമുണ്ട്.
