മെര്‍ക്കുറിയുടെ സാന്നിധ്യമുള്ള സൗന്ദര്യവര്‍ധക ക്രീമുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. കേന്ദ്ര ഡ്രഗ് റെഗുലേഷന്‍ പാനലിന്റെ നിര്‍ദ്ദേശം നടപ്പിലായാല്‍ നിലവില്‍ വിപണിയിലുള്ള പല പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും പിന്‍വലിക്കേണ്ടി വരുമെന്നാണ് കണക്കു കൂട്ടുന്നത്. മെര്‍ക്കുറി
അടങ്ങിയ ക്രീമുകള്‍ ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുന്നതിനൊപ്പം തലച്ചോര്‍, നാഡീവ്യവസ്ഥ, ആരോഗ്യം എന്നിവയെ ഏറെ ദോഷകരമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍. സൗന്ദര്യവര്‍ധക വസ്തുക്കളില്‍ അപകടകരമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഓപ്പറേഷന്‍ സൗന്ദര്യ എന്ന പേരില്‍ നിലവിൽ പരിശോധന നടത്തിവരുന്നുണ്ട്.
സൗന്ദര്യ വര്‍ധക ക്രീമുകള്‍, ഐ മേക്കപ്പ്, ആന്റി ഏജിംഗ് ക്രീമുകള്‍ എന്നിവയില്‍ പെട്ടെന്ന് ഫലം കിട്ടുന്നതിനായി മെര്‍ക്കുറി ചേര്‍ക്കാറുണ്ട്. ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇവ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്നത്. തൊലിപ്പുറത്തെ തടിപ്പുകള്‍, നിറം മാറ്റം, ചര്‍മ്മത്തിലെ പാടുകള്‍, ഓര്‍മ്മക്കുറവ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഇത്തരക്കാരില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള പദാര്‍ത്ഥങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. കുടുംബത്തിലെ ഒരാളുടെ ഉപയോഗം മൂലം മറ്റുള്ളവരിലേക്കും ഈ രോഗം പകരാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ചെറിയ കുട്ടികള്‍ എന്നിവരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. സൗന്ദര്യ വര്‍ധക വസ്തുക്കളിലെ അപകടകരമായ വസ്തുക്കള്‍ മുലപ്പാലിലൂടെ കുഞ്ഞുങ്ങളലെത്തുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
കണ്‍മഷി പോലുള്ള വസ്തുക്കളില്‍ 70 പാര്‍ട്‌സ് പെര്‍ മില്യന്‍ (പി പി എം) വരെ മെര്‍ക്കുറി ഉപയോഗിക്കാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. മറ്റുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ ഒരു പി പി എമ്മാണ് അനുവദനീയ അളവ്. എല്ലാ സൗന്ദര്യ വര്‍ധക വസ്തുക്കളിലും ഒരു പി പി എമ്മില്‍ കൂടുതല്‍ മെര്‍ക്കുറി ചേര്‍ക്കാന്‍ പാടില്ലെന്ന നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യൻ്റെ ആരോഗ്യത്തിന് ഭീഷണിയായ മെര്‍ക്കുറിയുടെ ഉപയോഗം കുറയ്ക്കണമെന്ന മിനാമാത്ത (Minamata) അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം.
ഇത്തരമൊരു നയം നടപ്പിലായാല്‍ സൗന്ദര്യവര്‍ധക ക്രീമുകളില്‍ മെര്‍ക്കുറിയുടെ സാന്നിധ്യമില്ലെന്ന് നിര്‍മാണ കമ്പനികള്‍ക്ക് സത്യവാങ്മൂലം നല്‍കേണ്ടി വരും. നിര്‍മാണ യൂണിറ്റുകള്‍, ലാബുകള്‍, വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അപ്രതീക്ഷിത പരിശോധനയും പിടിക്കപ്പെട്ടാല്‍ കനത്ത പിഴയും നൽകുമെന്നാണ് സൂചന. മെര്‍ക്കുറിയുടെ ഉപയോഗം കുറക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ഇനി പറയുന്ന കാര്യങ്ങള്‍ കൂടി മനസില്‍ വെക്കുന്നത് നല്ലതാണ്. ലേബല്‍ നോക്കി മാത്രമേ ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങാവൂ. എന്തൊക്കെയാണ് ചേര്‍ത്തിരിക്കുന്നതെന്ന് ലേബലില്‍ വ്യക്തമാക്കാത്ത ഒരു ക്രീമും വാങ്ങരുത്. മെര്‍ക്കുറസ് ക്ലോറൈഡ്, കലോമെല്‍, മെര്‍ക്കുറിക് അയഡൈഡ് തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് രേഖപ്പെടുത്തിയ ഉത്പന്നങ്ങളും ഒഴിവാക്കണം. മെര്‍ക്കുറിയുടെ തന്നെ വകഭേദങ്ങളാണിവ. സംശയം തോന്നിയ ക്രീമുകള്‍ ഉപയോഗിച്ചെന്ന് മനസിലാക്കിയാല്‍ കൈകള്‍ നന്നായി കഴുകി വൃത്തിയാക്കുക. അനുചിതമെന്ന് കണ്ടെത്തിയ ഉത്പന്നങ്ങള്‍ സുരക്ഷിതമായി നശിപ്പിക്കണം. സാധാരണ വേസ്റ്റ് ബിന്നുകളില്‍ ഇടരുത്.
അടുത്തിടെ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ ഓപ്പറേഷന്‍ സൗന്ദര്യയിലും ഇത്തരം വിവരങ്ങൾ സ്ഥിരീകരിച്ചിരുന്നു. അനുവദനീയമായ അളവിനേക്കാളും 12,000 മടങ്ങ് മെര്‍ക്കുറി ചേര്‍ത്ത ലിപ്സ്റ്റിക്കുകളും ഫേസ് ക്രീമുകളും കേരളത്തില്‍ വില്‍ക്കുന്നുണ്ടെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് ഏഴു ലക്ഷത്തിലധികം രൂപ വില വരുന്ന ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികൾ എടുക്കുകയും ചെയ്തിട്ടുണ്ട്.
