കടുവയുടെ വേട്ടപ്പല്ല് നഷ്ടമായി, മൃഗശാലയിലേക്ക് മാറ്റിയേക്കും

At Malayalam
1 Min Read

മലപ്പുറം കാളികാവിൽ കെണി വച്ച കൂട്ടിൽ കുടുങ്ങിയ നരഭോജി കടുവയെ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ അമരമ്പലത്തുള്ള വനം വകുപ്പ് കേന്ദ്രത്തിലേക്കു മാറ്റി. ഇനി കാട്ടിലേയ്ക്ക് കടുവയെ തുറന്നുവിടില്ലെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകിയ ശേഷമാണ് കടുവയെ കൊണ്ടു പോകാൻ അവർ സമ്മതിച്ചത്. കാളികാവിലെ സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ചിരുന്ന കെണിയിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ മെയ് മാസത്തിൽ റബർ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ അലിയെ കടുവ കൊന്നു തിന്നത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കടുവയുടെ ആക്രമണത്തെ തുടർന്ന് 20 അംഗങ്ങൾ വീതമുള്ള ആർ ആർ ടി രൂപീകരിച്ച് അന്വേഷണം നടത്തുകയും കടുവയ്ക്കായി കെണി ഒരുക്കുകയും ചെയ്തിരുന്നു. എന്നാൽ കടുവ കെണിയിൽ വീണതേയില്ല. മൂന്നു കുങ്കി ആനകൾ, മൂന്ന് വെറ്റേറിനറി ഡോക്ടർമാർ, ഡ്രോണുകൾ എന്നിങ്ങനെയായിരുന്നു തെരച്ചിൽ. മൂന്നു കൂടുകളും പലയിടങ്ങളിലായി സ്ഥാപിച്ചു. എന്നാൽ ഇതിനിടെ ഒരു കൂട്ടിൽ പുലി കുടുങ്ങുകയും ചെയ്തിരുന്നു.

ഏകദേശം 15 വയസോളം പ്രായമുള്ള കടുവയാണ് കൂട്ടിൽ കുടുങ്ങി കിടന്നത്. കടുവയുടെ വേട്ടപ്പല്ലുകൾ നഷ്ടമായിട്ടുണ്ടന്നും സൈലൻ്റ് വാലി ഡാറ്റാ ബേസിൽപ്പെട്ട കടുവയാണിതെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. കടുവയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷം മൃഗശാലയിലേക്കു മാറ്റാനാണ് വനം വകുപ്പ് ആലോചിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment