ഡാർക്ക് വെബ് വഴി മയക്കുമരുന്ന് ഉൾപ്പെടെയുള്ള അനധികൃത ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ സൈബർ പട്രോളിങ് ശക്തമാക്കാൻ കേരള പൊലീസ് തീരുമാനിച്ചു. ഡാർക്ക് വെബ് ഇടപാടുകൾ നിരീക്ഷിക്കാനായി മാത്രം സൈബർ ഡോമിന്റെ ഒരു വിഭാഗം നിലവിൽ പ്രവർത്തിക്കുന്നുമുണ്ട്. ഇനി മുതൽ ശക്തമായ നിരീക്ഷണം ഉണ്ടാകും എന്നാണ് അധികൃതർ പറയുന്നത്.
സൈബർ സുരക്ഷാ വിദഗ്ധർ, എത്തിക്കൽ ഹാക്കർമാർ, സൈബർ പ്രൊഫഷണലുകൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ സംഘത്തിൻ്റെ പ്രവർത്തനം. ഡാർക്ക് വെബ് ഇടപാടുകളിൽ നിരവധി മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് കൂടാതെ ഡാറ്റാ കച്ചവടം, മാൽവെയർ, ആഡംബര ബ്രാൻഡുകളുടെ വ്യാജപതിപ്പുകളുടെ വിൽപ്പന, കുട്ടികളുടെ അശ്ലീലചിത്രം തുടങ്ങിയ ഇടപാടുകളാണ് പ്രധാനമായും ഡാർക്ക് വെബിലൂടെ രാജ്യത്ത് നടക്കുന്നത്. സൈബർ സുരക്ഷാ വിദഗ്ധരുടെ നേതൃത്വത്തിൽ ഡാർക്ക് വെബ് ഇടപാടുകാരെ നിരീക്ഷിക്കാനും പിടികൂടാനും പ്രത്യേക സോഫ്റ്റ് വെയറുകളും ഇതിനോടകം വികസിപ്പിച്ചിട്ടുണ്ട്.