വിസ്മയ കേസ് : ശിക്ഷാവിധി മരവിപ്പിച്ചു ; ഭർത്താവ് കിരണ്‍ കുമാറിന് ജാമ്യം

At Malayalam
1 Min Read

സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബി എ എം എസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ മുൻ ശിക്ഷാവിധി മരവിപ്പിച്ച് കേസിലെ പ്രതിയും വിസ്മയുടെ ഭർത്താവുമായിരുന്ന കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ കിരണ്‍ കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് അനുവദിച്ച് കൊണ്ടാണ് സുപ്രീംകോടതി കിരണ്‍ കുമാറിന് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.

വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയവയാണ് കിരണ്‍കുമാർ ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നത്. നേരത്തെ ഇതേ ആവശ്യങ്ങളുമായി കിരണ്‍കുമാര്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.

തനിക്കെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയിൽ കിരൺകുമാർ പ്രധാനമായും വാദിച്ചത്. വിസ്മയയുടെ ആത്മഹത്യയില്‍ തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും തന്നെയില്ല. തന്റെ ഇടപെടല്‍ കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തെളിയിക്കാനുമായിട്ടില്ല. താന്‍ മാധ്യമ വിചാരണയുടെ ഇരയാണെന്നും കിരണ്‍കുമാർ ഹര്‍ജിയിൽ പറയുന്നു. വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്. 2021 ജൂണിലാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ ബി എ എം എസ് വിദ്യാര്‍ഥിനി കൂടിയായിരുന്ന വിസ്മയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment