ആലപ്പുഴ ജില്ലയിലെ ഓമനപ്പുഴയിൽ 28 കാരിയായ മകളെ പിതാവ് കഴുത്തിൽ തോർത്തു മുറുക്കി കൊന്നു. ഭർത്താവുമായി അകന്ന് കുടുംബവീട്ടിൽ താമസിച്ചു വന്ന ഏയ്ഞ്ചൽ ജാസ്മിനെയാണ് സ്വന്തം പിതാവായ ജിസ്മോൻ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. ജിസ്മോൻ നിലവിൽ പൊലിസ് കസ്റ്റഡിയിലാണ്.
ഏയ്ഞ്ചൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത് എന്നാണ് വീട്ടുകാർ ആദ്യം പറഞ്ഞത്. എന്നാൽ സംശയം തോന്നിയ നാട്ടുകാർ പൊലിസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോസ്റ്റ് മോർട്ടം നടത്തി. ഇതിനിടെ ജിസ്മോനെ പൊലിസ് ചോദ്യം ചെയ്തപ്പോഴാണ് താൻ മകളുടെ കഴുത്തിൽ തോർത്തു മുറുക്കി കൊന്നതാണ് എന്ന് ഇയാൾ വെളിപ്പെടുത്തിയത്. പൊലിസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
