1991 ബാച് ഐ പി എസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖറാണ് കേരളത്തിൻ്റെ പുതിയ പൊലിസ് മേധാവി. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ് അദ്ദേഹം. 15 വർഷമായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയിലാണ് ജോലി ചെയ്യുന്നത്. തലശേരിയിൽ എ എസ് പിയാണ് ആദ്യ നിയമനം കിട്ടിയത്. കൂത്തുപറമ്പ് വെടിവയ്പ്പിനെ തുടർന്ന് സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്തിട്ടുണ്ട്. മടങ്ങിയെത്തിയ അദ്ദേഹം വിവിധ ജില്ലകളിൽ പൊലിസ് മേധാവിയായി പേരെടുത്തു.
നക്സൽ ഓപ്പറേഷൻ അടക്കമുള്ള വിവിധ ചുമതലകളിൽ തിളങ്ങിയ റവാഡ കൃത്യതയുള്ള ഓഫിസർ എന്നാണ് വകുപ്പിൽ അറിയപ്പെടുന്നത്. ഐ ബി യുടെ സ്പെഷ്യൽ ഡയറക്ടറായിരിക്കവേയാണ് സംസ്ഥാന പൊലിസ് മേധാവിയായി വരാൻ തയ്യാറാകുന്നത്. യു പി എസ് സി, സംസ്ഥാനത്തിനു നൽകിയ ലിസ്റ്റിലെ രണ്ടാം പേരുകാരനാണ് റവാഡ. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്.