വിവാഹത്തിനു വാങ്ങിയ സാരിയുടെ നിറം പോയി, 36,500 രൂപ പിഴ നൽകണം

At Malayalam
1 Min Read

സഹോദരിയുടെ കല്യാണ നിശ്ചയത്തിനു വാങ്ങിയ സാരിയുടെ നിറം പോവുകയും പരാതിപ്പെട്ടപ്പോൾ യാതൊരുവിധ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്ത എതിർകക്ഷിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു.

എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് നിക്ളാവോസ് ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ ഈ ഉത്തരവ് നൽകിയത്.
സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി ഭാര്യക്കും മറ്റു ബന്ധുക്കൾക്കും 89,199 രൂപയ്ക്ക് 14 സാരികൾ ഈ സ്ഥാപനത്തിൽ നിന്നും പരാതിക്കാരൻ വാങ്ങിയിരുന്നു. മികച്ച ഗുണമേന്മയുള്ളവയെന്ന് എതിർ കക്ഷി വാങ്ങിയ സമയത്ത് തന്നെയും കുടുംബത്തേയും വിശ്വസിപ്പിച്ചിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. അതിൽ 16,500 രൂപ വിലയുള്ള സാരി ഉപയോഗിച്ച് ആദ്യ ദിവസം തന്നെ നിറം നഷ്ടമായതായും. വിവാഹ നിശ്ചയത്തിൽ ഉപയോഗിക്കാനാണ് താൻ സാരി വാങ്ങിയത് എന്നതിനാൽ പരാതിക്കാരനും ഭാര്യയ്ക്കും ഏറെ മന:ക്ലേശം ഉണ്ടായിട്ടുണ്ട്. ഇ – മെയിൽ, വക്കിൽനോട്ടീസ് എന്നിവയിലൂടെ സാരിയുടെ ന്യുനത എതിർകക്ഷിയെ കൃത്യസമയത്ത് അറിയിച്ചിരുന്നുവെങ്കിലും പരിഹാരം ഉണ്ടായില്ലന്നും പരാതിയിൽ പറയുന്നു.

കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കുന്ന സുപ്രധാനമായ സ്വകാര്യ ചടങ്ങിൽ ധരിച്ച സാരിയുടെ നിറം പോയി എന്ന പരാതി പരിഹരിച്ചില്ല എന്ന എതിർകക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും ആണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. ഉപഭോക്തൃ സൗഹൃദം അല്ലാത്ത ഇത്തരത്തിലുള്ള വ്യാപാരികളുടെ പ്രവർത്തനങ്ങളുടെ നേർക്ക് നിശബ്ദമായിരിക്കാൻ കോടതികൾക്ക് കഴിയില്ലെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

സാരിയുടെ വിലയായ 16,500 രൂപ പരാതിക്കാരന് തിരിച്ചു നൽകണം. കൂടാതെ നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവയായി 20,000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷികൾക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.

- Advertisement -
Share This Article
Leave a comment