കെനിയ ബസ് അപകടം: മരിച്ചവരില്‍ അഞ്ച് മലയാളികളുമുണ്ട്

At Malayalam
1 Min Read

ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് മരിച്ച ആറു പേരില്‍ അഞ്ചുപേരും മലയാളികള്‍. പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്റിന്‍ ( ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ മറ്റ് 23 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നു പേരുടെ പരുക്ക് സാരമുള്ളണന്നാണ് വിവരം. ജൂൺ ആറിന് ബലിപെരുന്നാൾ ദിനത്തിൽ ഖത്തറിൽ നിന്ന് കെനിയയിലേക്ക് പോയ 28 പേർ അടങ്ങിയ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വെച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മലയാളികളും കര്‍ണാടക സ്വദേശികളും ഗോവന്‍ സ്വദേശികളുമാണ് സംഘത്തിലുണ്ടായത്.

ശക്തമായ മഴയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി മരത്തില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് കെനിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ബസ് ഏകദേശം പത്തു മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. ബസിന്‍റെ മേൽകൂരകൾ തകർന്ന നിലയിലാണ് താഴെ പതിച്ചത്.

Share This Article
Leave a comment