ഡിസൈനിലെ അപാകതയാണ് കേരളത്തിലെ ദേശീയപാത തകര്‍ന്നതിന് കാരണമെന്ന് ഗതാഗത സെക്രട്ടറിയും ദേശീയപാത അതോറിറ്റി ചെയര്‍മാനും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു (പി എ സി ) മുന്നില്‍ സമ്മതിച്ചതായി പി എ സി ചെയർമാൻ കെ സി വേണുഗോപാൽ.
നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന ദേശീയപാതയുടെ ബന്ധപ്പെട്ട കരാര്‍, ഡിസൈന്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്താന്‍ സി ആന്റ് എ ജിക്ക് പി എ സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ എന്‍ എച്ച് ഐ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം അടിയന്തരമായി കേരളം സന്ദര്‍ശിക്കാനും പി എ സി നിര്‍ദ്ദേശിച്ചു. അപകടം ഉണ്ടായ സ്ഥലങ്ങള്‍ മാത്രമല്ല, സമാനമായ പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളും സന്ദര്‍ശിച്ച് പരിശോധന നടത്തി ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തി നിര്‍മ്മാണ ജോലികള്‍ മുന്നോട്ടു പോകണമെന്നും പി എ സി നിര്‍ദ്ദേശിച്ചു.
കൂടാതെ പാലക്കാട് ഐ ഐ ടി, സി ആര്‍ ആര്‍ ഐ, ജി എസ് ഐ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു പേരടങ്ങുന്ന വിദഗ്ധസംഘത്തെ അപകടം നടന്ന സ്ഥലങ്ങള്‍ പരിശോധിച്ച്, മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിര്‍മ്മാണത്തിലെ അപാകതകളെ കുറിച്ച് ഈ മൂന്നംഗ വിദഗ്ധ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടികൾ സ്വീകരിക്കുക.
മൂപ്പതിനായിരം കോടിക്കു മുകളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തിയുടെ ഗുണനിലവാരം പരിശോധിക്കാനും പാളിച്ച കണ്ടെത്താനും സംവിധാനമില്ലെന്നാണ് ദേശീയപാത അതോറിറ്റി പി എ സിയെ അറിയിച്ചത്. ഡി പി ആര്‍ ഏതു രീതിയിലാണ്, റോഡിന്റെ ഡിസൈന്‍ ആരാണ് അന്തിമമായി തീരുമാനിച്ചത്, നിര്‍മ്മാണ കരാര്‍ കൊടുത്തത് ഏതു രീതിയിലാണ്, ഉപകരാര്‍ കൊടുത്തതില്‍ എന്തെങ്കിലും ഉപാധികൾ ഉണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ കേരളത്തില്‍ ദേശീയപാത തകര്‍ന്നതുമായി ബന്ധപ്പെട്ട് ഗതാഗത സെക്രട്ടറിയോടും ദേശീയപാത അതോറിറ്റി ചെയര്‍മാനോടും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും പി എ സി ചോദിച്ചു. റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അതിന് ഉന്നതതല സാങ്കേതിക വിദഗ്ധ സംഘമില്ലെന്ന മറുപടിയാണ് അവർ നല്‍കിയതെന്നും ചെയർമാൻ പറഞ്ഞു.
കേരളത്തിന്റെ സാഹചര്യത്തിന് അനുസരിച്ചല്ല അവിടെ നിര്‍മ്മാണം നടന്നതെന്ന് പി എ സി കണ്ടെത്തി. വയലും ചതുപ്പും നിറഞ്ഞ പ്രദേശമായിട്ടു പോലും ദേശീയപാത തകര്‍ന്ന കൂരിയാട്, ശക്തമായ ബെയ്‌സ്‌മെന്റില്ലാതെയാണ് റോഡ് നിര്‍മ്മാണം നടന്നത്. എലിവേറ്റഡ് ഹൈവേയാണ് ഉചിതമെന്ന പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയിട്ടും അതവഗണിച്ചതെന്തെന്നും പി എ സി ബന്ധപ്പെട്ടവരോട് ചോദിച്ചു.
റോഡിന്റെ ഡിസൈൻ അന്തിമമായി തീരുമാനിച്ചതിൻ്റെ ഉത്തരവാദിത്തം കണ്‍സള്‍ട്ടിംഗ് ഏജന്‍സിക്കാണെന്ന് പി എ സി വിലയിരുത്തി. എന്‍ എച്ച് ഐയുടെ അംഗീകൃത എഞ്ചിനിയേഴ്‌സുമായി ആലോചിക്കാതെയാണ് കരാറുകാരന്‍ റോഡു നിര്‍മ്മാണം നടത്തിയത്. അവരുടെ ഭാഗത്തെ പാളിച്ച ഗുരുതരമാണ്. കേരളത്തില്‍ റോഡു നിര്‍മ്മിച്ച് മുന്‍പരിചയമുള്ളവരുമായി കൂടിയാലോചന നടത്തേണ്ടതായിരിന്നു. കേരളത്തിന്റെ ചുറ്റുപാടുകളെ കുറിച്ച് അറിയാത്ത ഒരു ഏജന്‍സി സ്വന്തം ഇഷ്ടപ്രകാരം ആരോടും ആലോചിക്കാതെയും ചര്‍ച്ച നടത്താതെയുമാണ് റോഡ് നിര്‍മ്മാണം നടത്തിയതെന്നും പി എ സി കുറ്റപ്പെടുത്തി.
അറ്റകുറ്റപ്പണി നടത്തിയതു കൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. നിര്‍മ്മാണത്തിന് ഉപകരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ആക്ഷേപമുണ്ട്. സി ആന്റ് എ ജിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് അനുസരിച്ച് അതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുടര്‍ നടപടിയെടുക്കുമെന്നും പി എ സി വ്യക്തമാക്കിയിട്ടുണ്ട്.