2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകളിലെ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. സർക്കാർ,എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് നടക്കുന്നത്.
തുടർന്ന് തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകർക്ക് നൽകി. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട,അൺ-എയ്ഡഡ് ക്വാട്ട സീറ്റുകൾ ഉൾപ്പടെ 4,42,012 ഹയർസെക്കണ്ടറി സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.
ആദ്യ അലോട്ട്മെന്റ് ജൂൺ 2ന് വൈകിട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും. രണ്ടാമത്തെ അലോട്ട്മെന്റ് ജൂൺ 10 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
