എല്ലാ ജില്ലകളിലും അടിയന്തര ഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും മുഴുവൻ സമയവും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴ കനത്തതോടെ പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നതിനാൽ ജലാശയങ്ങളിൽ കുളിക്കുന്നതും മറ്റു പ്രവർത്തികളിൽ ഏർപ്പെടുന്നതും ശ്രദ്ധിക്കണമെന്നും മത്സ്യതൊഴിലാളികൾ മുന്നറിയിപ്പ് ഉള്ള സമയങ്ങളിൽ കടലിൽ പോകരുതെന്നും തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ എന്നു കണ്ടെത്തിയ സ്ഥലങ്ങൾ, പുഴയോരം, സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങൾ, മറ്റു പരിസ്ഥിതി ലോല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കാനും തയ്യറാകണം. മഴ കനത്ത സാഹചര്യത്തിൽ എല്ലാ ജില്ലകളിലും അടിയന്തര ഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും മുഴുവൻ സമയവും പ്രവർത്തനക്ഷമാണ്. സാധാരണ അവലംബിക്കുന്ന മാർഗങ്ങൾക്ക് പുറമെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകളിലൂടെയുള്ള സന്ദേശവും സൈറൺ ഹൂട്ടിങ്ങും നൽകുന്നുണ്ട്. ഇത് തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ സിവിൽ ഡിഫെൻസ്, ആപത് മിത്ര, സന്നദ്ധസേന തുടങ്ങിയ സന്നദ്ധപ്രവർത്തകരെ അടിയന്തര സാഹചര്യങ്ങളിൽ വിന്യസിക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പഞ്ചായത്തു തല എമർജൻസി റെസ്‌പോൺസ് ടീമുകളെയും സജ്ജരാക്കിയിട്ടുണ്ട്. ദേശിയ ദുരന്ത പ്രതികരണ സേനയുടെ ഒൻപതു ടീമുകളെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിന്യസിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ഇടുക്കി, മലപ്പുറം കാസർഗോഡ്, തൃശൂർ ജില്ലകളിൽ ദേശിയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമിനെ വീതം വിന്യസിച്ചിട്ടുണ്ട്. ജൂൺ ഒന്നാം തീയതിയോടെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ടീമുകളെ വിന്യസിക്കും. മഴക്കാലം കഴിയുന്നതു വരെ ഇവർ ഈ ജില്ലകളിൽ ഉണ്ടായിരിക്കും.
റെസിഡൻസ് അസോസിയേഷനുകൾ, നാട്ടിൻ പുറത്തെ കൂട്ടായ്മകൾ എന്നിവർ പ്രദേശങ്ങളിലെ വാട്‌സ്ആപ്പ് കൂട്ടായ്മകൾ ഉണ്ടാക്കി മഴ വിവരങ്ങൾ കൈമാറണം. മഴക്കാലവുമായി ബന്ധപ്പെട്ട ശുചീകരണപ്രവർത്തങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും നടത്തണം. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്തു 59 ക്യാമ്പുകളിലായി 1296 ആൾക്കാരെ താമസിപ്പിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
അതിരാവിലെ പത്ര വിതരണത്തിനും റബ്ബർ ടാപ്പിംഗിനും മറ്റു ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടി കിടക്കാൻ സാധ്യതയുണ്ട്. അപകട സാധ്യതയുള്ള വൈദ്യുതി ലൈനുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും സമീപത്തേക്ക പോകരുത്. ഉടൻ സമീപത്തെ കെ എസ് ഇ ബി ഓഫീസിലോ 9496010101 എന്ന നമ്പരിലോ അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.