ഹമാസ് കമാൻഡർ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബുധനാഴ്ച പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രഖ്യാപനം. മെയ് 13ന് നടന്ന ഇസ്രായേൽ ആക്രമണത്തിലാണ് സിൻവാർ കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ഏറ്റവും കൂടുതൽ തിരയുന്നവരിൽ ഒരാളും ഹമാസ് നേതാവ് യഹ്‌യ സിൻവാറിന്റെ ഇളയ സഹോദരനുമാണ് മുഹമ്മദ് സിൻവാർ. നേരത്തെ ഇസ്രായേൽ സൈന്യം അദ്ദേഹത്തെ കൊലപ്പെടുത്തിയിരുന്നു.
മുഹമ്മദ് സിൻവാറിനെ കൊലപ്പെടുത്തിയതായി പറയപ്പെടുന്ന ഇസ്രായേലി ആക്രമണം തെക്കൻ ഗാസയിലെ യൂറോപ്യൻ ആശുപത്രിക്ക് താഴെയുള്ള ഒരു ഭൂഗർഭ കമാൻഡ് കോമ്പൗണ്ടിനെ ലക്ഷ്യം വച്ചായിരുന്നു, അവിടെ സിൻവാർ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് കരുതപ്പെടുന്നു. നേരത്തെ സിൻവാറിൻ്റെ മൃതദേഹം കണ്ടെടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഇസ്രായേൽ ഇത് സ്ഥിരീകരീച്ചിരുന്നില്ല. മുഹമ്മദ് സിൻവാർ വളരെക്കാലമായി ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ ഭാഗമായിരുന്നു. ഏറ്റവും മുതിർന്ന കമാൻഡർമാരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്നു.