പന്തളത്തു നിന്നും സ്കൂട്ടർ മോഷ്ടിച്ച ആളെ പന്തളം പൊലീസ് പിടികൂടി. പള്ളിക്കൽ പഴകുളം പുള്ളിപ്പാറ ശ്യാം നിവാസിൽ ശ്യാം കുമാർ ആണ് അറസ്റ്റിലായത്. 36 വയസാണ് ശ്യാമിൻ്റെ പ്രായം. കടയ്ക്കാട് കുരുമ്പോലിൽ ശ്യാം കുമാറിന്റെ ഹോണ്ട ആക്ടിവ സ്കൂട്ടർ ആണ് മോഷണം പോയത്. പന്തളം മണികണ്ഠൻ ആൽത്തറയിലെ ഒരു കടയുടെ മുന്നിൽ വച്ചിരിക്കുകയായിരുന്നു സ്കൂട്ടർ.
പന്തളം പൊലീസ് സി സി ടി വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു. ഇയാൾ മോഷ്ടിച്ച സ്കൂട്ടറുമായി വിവിധ സ്ഥലങ്ങളിൽ കറങ്ങിനടക്കുകയാണെന്നും മനസ്സിലാക്കി.
ഇതര ജില്ലകളിലെ പൊലീസ് കണ്ട്രോൾ റൂമുകളിലൂടെയും മറ്റും വിവരം കൈമാറുകയും ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ തിരുവനന്തപുരം ഭാഗത്ത് ഇയാൾ ഉണ്ടെന്ന് ഇന്നലെ വൈകിട്ടോടെയാണ് വ്യക്തമായത്.
തുടർന്ന്, തിരുവനന്തപുരം പൊലീസിന്റെ കൂടി സഹായത്തോടെ അന്വേഷണസംഘം കഴക്കൂട്ടത്തുനിന്നും പ്രതിയെ പിടികൂടുകയും സ്കൂട്ടർ കണ്ടെടുക്കുകയും ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പന്തളം എസ് എച്ച് ഒ ആയ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ് ഐ അനീഷ് എബ്രഹാം, എസ് സി പി ഓമാരായ കെ അമീഷ്, എസ് അൻവർഷാ എന്നിവരും ഉണ്ടായിരുന്നു.
