തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ രണ്ടു പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി. എം സി റോഡിൽ നിലമേലിനു സമീപം തട്ടത്തുമലയില്‍ താമസിക്കുന്ന അഫാന്റെ മാതാവിൻ്റെ ബന്ധുക്കളായ രണ്ടു പേരെയാണ് കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടിരുന്നത്. പണം പലിശക്ക് നല്‍കിയിട്ട് ഇവര്‍ നിരന്തരം തങ്ങളെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് അഫാന്‍ പൊലിസിനു മൊഴി നല്‍കി.
അഞ്ചു ലക്ഷം രൂപ നല്‍കിയിട്ട് 10 ലക്ഷത്തോളം രൂപ ഇതിനോടകം ഇവര്‍ തിരികെ വാങ്ങിയിട്ടുണ്ട്. പിന്നെയും നിരന്തരം പണം ആവശ്യപ്പെട്ടു കൊണ്ടേ ഇരുന്നു. ഇതാണ് അവരെ കൂടി കൊലപ്പെടുത്താന്‍ ആലോചിക്കാൻ കാരണമെന്നും അഫാന്‍ മൊഴി നല്‍കി. ആശുപത്രിയില്‍ അഫാനുമായി സംസാരിക്കാൻ എത്തിയ മാനസികാരോഗ്യ വിദഗ്ധനോടാണ് അഫാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
