കാക്കനാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ സെന്‍ട്രല്‍ ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയിനെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികളിലേക്ക് കടക്കാനായില്ല. ബന്ധുക്കൾ ആരെങ്കിലും വന്ന് ഒപ്പിട്ടാൽ മാത്രമേ പോസ്റ്റ്മോർട്ടം ചെയ്യാനാകുവെന്ന് പൊലീസ് പറഞ്ഞു.
ജാര്‍ഖണ്ഡ് സ്വദേശിയായ അഡീഷണല്‍ കസ്റ്റംസ് കമ്മീഷണര്‍ മനീഷ് വിജയുടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. മൂന്ന് മുറികളിലായിട്ടായിരുന്നു മൂന്ന് മൃതദേഹങ്ങളും കിടന്നിരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മരണത്തിൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാത്രിയിലാണ് എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനീഷ്, സഹോദരി ശാലിനിയും അമ്മ ശകുന്തള എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷിന്റെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ച മനീഷ് വിജയ് ലീവ് ആയിരുന്നു എന്നാല്‍ അവധി കഴിഞ്ഞിട്ടും മനീഷ് ഓഫീസില്‍ എത്താത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.