പകുതി വില തട്ടിപ്പിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണം. ജെഡിഎസ് പഞ്ചായത്ത് അംഗമായ പ്രീതി രാജന് മന്ത്രിയുടെ ഓഫീസിൽ വെച്ചാണെന്ന് പണം കെെമാറിയതെന്ന് പാലക്കാട് ചിറ്റൂർ മണ്ഡലത്തിലെ പണം നഷ്ടമായ വീട്ടമ്മമാർ ആരോപിക്കുന്നു. സീഡ് സൊസൈറ്റിയുടെ ചിറ്റൂർ കോർഡിനേറ്ററാണ് പ്രീതി രാജൻ. സർക്കാർ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയതെന്നും തട്ടിപ്പിൽ മന്ത്രിയുടെ പി എയ്ക്കും പങ്കുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.
‘മന്ത്രിയുടെ ഓഫീസിൽവെച്ചാണ് പ്രീതി മാഡത്തിന് പൈസ കൊടുത്തത്. 60,000 രൂപ ഒന്നിച്ച് കൊടുത്തു. 2024 ഒക്ടോബർ 19ാം തീയതിയാണ് പണം നൽകിയത്. മന്ത്രി ഓഫീസിൽ വെച്ചാണെന്ന് പറഞ്ഞപ്പോൾ ഞങ്ങളും വിശ്വസിച്ചുപോയി. പലിശയ്ക്ക് വാങ്ങിയ പണമാണ്. ഒരുപാട് സങ്കടമുണ്ട്. ഇങ്ങനെപെടുത്തുമെന്ന് അറിഞ്ഞില്ല. പലിശ കൊടുക്കാനോ വണ്ടി കിട്ടാനോ വഴിയില്ല. വണ്ടി വേണ്ട. പൈസ തിരികെ കിട്ടായാൽ മതി’, പണം നഷ്ടപ്പെട്ട വീട്ടമ്മയുടെ പ്രതികരണം.
‘സർക്കാരിന്റെ പദ്ധതിയാണെന്ന് പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിച്ചു. മൂന്നോ നാലോ പേർ ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. മൂന്ന് മാസത്തിനകം വണ്ടികിട്ടുമെന്നാണ് പറഞ്ഞത്. വാർത്തകൾ അറിഞ്ഞ് തിരക്കിയപ്പോൾ പ്രചരിക്കുന്നത് ഫേക്ക് വാർത്തകളാണെന്ന് പറഞ്ഞു. വണ്ടിയോ പണമോ നിർബന്ധമായും കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു’, എന്നായിരുന്നു മറ്റൊരു വീട്ടമ്മയുടെ പ്രതികരണം.