മെക്സിക്കോ, ചൈന, കാനഡ എന്നീ രാജ്യങ്ങൾക്ക് മുട്ടൻ പണി വച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഈ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങൾക്ക്, ട്രംപ് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ഇനി തീരുവ ഒഴിവാക്കണമെങ്കിൽ ഈ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾ വന്ന് അമേരിക്കയിൽ പ്രവർത്തിക്കട്ടേ എന്ന നിലപാടിലാണ് പുതിയ അമേരിക്കൻ പ്രസിഡൻ്റ്.
കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണ ഉല്പനങ്ങൾക്ക് പത്തുശതമാനമാണ് ഇനി മുതൽ ഇറക്കുമതി തീരുവ നൽകേണ്ടി വരിക. ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങൾ ചൈനയിൽ നിന്നുള്ളതാണെങ്കിൽ തീരുവയായി പത്തുശതമാനം നൽകേണ്ടി വരും. ട്രംപിൻ്റെ ഈ തീരുമാനത്തിൽ ഏറ്റവും വലിയ തലവേദനയുണ്ടാകുന്നത് മെക്സിക്കോക്കും കാനഡയ്ക്കുമാകും. 25 ശതമാനം തീരുവയാണ് ഈ രാജ്യങ്ങൾക്ക് അധിക ബാധ്യതയാവുക.
ട്രംപിൻ്റെ പുതിയ തീരുമാനത്തോട് മെക്സിക്കോയും ചൈനയും നിലവിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാൽ അമേരിക്കക്ക് അതേ നാണയത്തിൽ മറുപടി നൽകാനാണ് കാനഡയുടെ തീരുമാനം. അമേരിക്കൻ ഉല്പന്നങ്ങൾ കാനഡയിൽ ഇറക്കുമതി ചെയ്യണമെങ്കിൽ അധിക തീരുവ ഈടാക്കാനാണ് കാനഡ ഉദ്ദേശിക്കുന്നത് എന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
