കഴിഞ്ഞ 23 നു റാന്നിയിൽ നടന്ന ഒരു കല്യാണക്കേസിൽ നട്ടംതിരിഞ്ഞ് കടുത്തുരുത്തി പൊലിസ്. റാന്നിക്കാരനായ യുവാവ് കോട്ടയം കടുത്തുരുത്തി സ്വദേശിയായ യുവതിയെ റാന്നിയിലെ പള്ളിയിൽ വച്ച് വിവാഹം ചെയ്തു. എന്നാൽ പിറ്റേ ദിവസം തന്നെ നവ വധുവിനെ വരൻ തിരികെ വധുവിൻ്റെ വീട്ടിലാക്കി കടന്നുകളഞ്ഞതായാണ് പരാതി. പിന്നാലെ യുവാവ് ജോലി ചെയ്യുന്ന വിദേശരാജ്യത്തേക്കു പോയതായും വധുവിൻ്റെ വീട്ടുകാർ കടുത്തുരുത്തി പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
സേവ് ദ ഡേറ്റിനായി കുമരകത്ത് ഫോട്ടോഷൂട്ടിനു പോയപ്പോൾ അവിടെ വച്ച് യുവാവ് പെൺകുട്ടിയെ ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു. വിവാഹ സമയത്തു നൽകിയ സ്വർണം യുവാവ് കൈക്കലാക്കിയതായും പരാതിയിലുണ്ട്.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയ പൊലിസ് , സംഭവത്തിൽ അടിമുടി ദുരൂഹതയുള്ളതായി സംശയിക്കുന്നു. വരൻ്റെ വീട്ടുകാരെ പല തവണ ചോദ്യം ചെയ്തിട്ടും കാര്യങ്ങൾക്ക് ഒരു തീരുമാനം വന്നിട്ടില്ല. ഇതിനിടെ വിദേശത്തേക്കു പോയ യുവാവിനെ നാട്ടിൽ തിരികെ എത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് കടുത്തുരുത്തി പൊലിസ്
