യുഎസിലെ ആകാശദുരന്തം ; അപകടത്തിൽ ഒബാമയ്ക്കും ബൈഡനും ട്രംപിന്റെ പഴി

At Malayalam
1 Min Read

അമേരിക്കയില്‍ യാത്രാവിമാനവും സൈനിക ഹെലികോപ്‌റ്ററും കൂട്ടിയിടിച്ച് നദിയില്‍ തകര്‍ന്നുവീണ് 67 പേര്‍ മരിച്ച സംഭവത്തിൽ ഒബാമയെയും ബൈഡനെയും പഴിപറഞ്ഞ്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണാൾഡ്‌ ട്രംപ്‌. വൈറ്റ്ഹൗസിന് അഞ്ചുകിലോമീറ്റര്‍ മാത്രം അകലെയാണ്‌ അപകടം ഉണ്ടായത്‌. ഹെലികോപ്റ്ററിനു വിമാനത്തെ നന്നായി കാണാനാകുമായിരുന്നുവെന്നും വളരെ ചെറിയ ആ സമയപരിധിയിൽ പൈലറ്റിന് തീരുമാനമെടുക്കാൻ കഴിയണമായിരുന്നെന്നും അപകടം ഒഴിവാക്കാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. സൈന്യത്തിലുൾപ്പെടെയുള്ള വംശീയ വൈവിധ്യമാണ്‌ അപകടത്തിനു കാരണമെന്നാണ്‌ ട്രംപിന്റെ വാദം. അപകടത്തെ രാഷ്‌ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുകയാണ്‌ ട്രംപ്‌.

64 പേരുമായി വന്ന അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം വാഷിങ്ടണിലെ റൊണാൾഡ്‌ റീഗൺ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ അമേരിക്കന്‍ സമയം രാത്രി ഒമ്പതുമണിയോടെയാണ് ബ്ലാക് ഹോക് സൈനിക കോപ്‌റ്ററുമായി കൂട്ടിയിടിച്ചത്. വിമാനവും ഹെലികോപ്‌റ്ററും സമീപത്തെ പൊട്ടോമാക്‌ നദിയിൽ തകർന്ന്‌ വീണു. കോപ്റ്ററില്‍ മൂന്ന് സൈനികരാണ് ഉണ്ടായിരുന്നത്. 27 യാത്രികരുടെയും കോപ്റ്ററിലെ ഒരു സൈനികന്റെയും മൃതദേഹം നദിയിൽനിന്ന് കണ്ടെടുത്തു. ആരും ജീവനോടെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അധികൃതര്‍ അറിയിച്ചു. നദിയിലെ വെള്ളം തണുത്തുറഞ്ഞതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായി. അപകടകാരണം വ്യക്തമല്ല.

കൻസാസിൽനിന്ന്‌ പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ 5342 എന്ന വിമാനം റൺവേയിലേക്ക്‌ താഴ്‌ന്നു പറക്കവെയാണ് കൂട്ടിയിടിച്ചത്‌. അമേരിക്കയിലെ പ്രശസ്‌തമായ സ്‌കേറ്റിങ്‌ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച്‌ നടന്ന ക്യാമ്പിൽ പങ്കെടുത്ത്‌ മടങ്ങുകയായിരുന്ന സ്‌കേറ്റർമാരും പരിശീലകരും കുടുംബാംഗങ്ങളുമാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌. ഐസ് സ്‌കേറ്റിങ്ങില്‍ മുന്‍ ലോക ജേതാക്കളായ യെവ്ജീനിയ ഷിഷ്‌കോവയും ഭര്‍ത്താവ് വാദിം നൗമോവും വിമാനത്തിലുണ്ടായിരുന്നു.

റൺവേയിൽനിന്ന്‌ ഏകദേശം 2,400 അടി അകലെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. സൈനിക കോപ്റ്റര്‍ ആ മേഖലയില്‍ എങ്ങനെ എത്തി എന്നതിലും അന്വേഷണം നടക്കുകയാണ്‌.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment