പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ തുടങ്ങുന്ന പുതിയ മദ്യ നിർമാണ കമ്പനി പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന് നിർമാതാക്കളായ ഒയാസിസ് പറയുന്നു. പൂർണമായും മഴ വെള്ളസംഭരണിയിലെ വെള്ളമാകും കമ്പനി ആവശ്യങ്ങൾക്ക് ഉപയോഗിക്കുക. ഇതിനായി അഞ്ച് ഏക്കർ സ്ഥലത്ത് മഴവെള്ള സംഭരണി നിർമിക്കും. 1000 സ്ക്വയർ ഫീറ്റിൽ ഒരു ഇഞ്ച് എന്ന കണക്കിൽ വെള്ളം ശേഖരിച്ചാൽ തന്നെ 2400 ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയും. അങ്ങനെയെങ്കിൽ കമ്പനി ആവശ്യങ്ങൾക്കുള്ള വെള്ളത്തിന് മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും ഒയാസിസ് പറയുന്നു.
പദ്ധതി പ്രദേശത്തെ 200 പേർക്ക് ജോലി നൽകാൻ കഴിയുമെന്നും ഒയാസിസ് പറഞ്ഞു. ഈ രണ്ടു കാര്യങ്ങളും സി പി എം സംസ്ഥാന നേതൃത്വവും എടുത്തു പറയുന്നു. പ്രാദേശിക സി പി എം നേതൃത്വം വെള്ളത്തിൻ്റെ കാര്യത്തിൽ ആശങ്ക പങ്കുവച്ചിരുന്നു. പദ്ധതിക്ക് തങ്ങൾ അനുകൂലമാണന്നും എന്നാൽ വെള്ളത്തിൻ്റെ കാര്യത്തിൽ ആശങ്കയുണ്ടന്നും അവർ പറയുന്നു. എന്നാൽ പദ്ധതി നാടിന് ഗുണം ചെയ്യുമെന്നും എന്തു വന്നാലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എക്സൈസ് വകുപ്പുമന്ത്രി എം ബി രാജേഷും നിലപാടെടുത്തിരിക്കുന്നത്.
ഇതിനിടെ മദ്യ കമ്പനിയുമായി ബന്ധപ്പെട്ട് വലിയ അഴിമതി ആക്ഷേപങ്ങളാണ് പ്രതിപക്ഷം നിയമസഭയിലും പുറത്തും ഉന്നയിച്ചിട്ടുള്ളത്. ഇന്ന് നിയമസഭയിൽ ഈ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നുണ്ട്.
