വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

At Malayalam
1 Min Read

കൊണ്ടോട്ടിയിൽ നവവധു ഷഹാന ജീവനൊടുക്കിയ സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഏഴ് മാസം മുമ്പ് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേസ് എടുക്കാൻ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി കമ്മീഷൻ ഡയറക്ടർക്കും സിഐക്കും നിർദേശം നൽകുകയായിരുന്നു. ഇത് സംബന്ധിച്ച പൊലീസ് റിപ്പോർട്ടും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെയാണ് 19കാരിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ സ്വന്തംവീട്ടിലെ കിടപ്പുമുറി തുറക്കാത്തതിനെ തുടർന്ന് അച്ഛനും അയൽവാസികളും വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ബിരുദ വിദ്യാർഥിയായ ഷഹാനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാർ നിറത്തിന്റെ പേരിൽ അവഹേളിച്ചതിൽ മനം നൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. നിറമില്ലെന്നും ഇം​ഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഷഹാന നിരന്തരം അവഹേളനം നേരിട്ടതായും വിവാഹ ബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെൺകുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.

2024 മെയ് 27നാണ്‌ കിഴിശേരി മൊറയൂർ പൂന്തലപ്പറമ്പ് സ്വദേശി അബ്ദുൽ വാഹിദുമായി വിവാഹംകഴിഞ്ഞത്‌. പിന്നീട് വിദേശത്തേക്ക് പോയ ഭർത്താവ്‌ ഫോണിലൂടെ നിറത്തിന്റെ പേരിൽ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഖബറടക്കി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment