അൻവർ പ്ലീസ് വെയിറ്റ്, ആലോചിക്കട്ടെ

At Malayalam
1 Min Read

അൻവർ വിഷയത്തിൽ വെപ്രാളമൊന്നും വേണ്ടന്ന് യു ഡി എഫ് നേതൃത്വം. സംഗതി പിണറായി വിജയനേയും സി പി എം നേയും ചീത്ത പറയുന്നുണ്ടെങ്കിലും കുറച്ചു കഴിയട്ടെ എന്നാണ് അവരുടെ നിലപാട്. നിലമ്പൂരിൽ വി എസ് ജോയിയുടെ പേര് സ്ഥാനാർത്ഥിയായി അൻവർ പ്രഖ്യാപിച്ചതും ചിലർക്ക് അത്രയ്ക്ക് രസിച്ചിട്ടില്ല. എന്നാൽ അക്കാര്യത്തിൽ തെറ്റില്ലെന്നാണ് രമേശ് ചെന്നിത്തലയും കെ സുധാകരനും പ്രതികരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ‘മാപ്പോട് മാപ്പേ’ എന്ന ലൈനിലായിരുന്നു പി വി അൻവർ. ഡി എൻ എ വിഷയത്തിൽ രാഹുൽ ഗാന്ധിയോട് മാപ്പപേക്ഷ, വി ഡി സതീശനെതിരെ കോടികളുടെ അഴിമതിയാരോപണം ഉന്നയിച്ചതിന് വേറേ മാപ്പ്. പോരാത്തതിന് പി ശശിയാണ് തന്നെക്കൊണ്ട് ആരോപണം ഉന്നയിച്ചതെന്ന അടുത്ത ആരോപണവും അൻവർ ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ ശശിയുടെ വക വക്കീൽ നോട്ടീസ് തിരുവനന്തപുരത്തുന്ന് അൻവറിനെ തേടി പുറപ്പെട്ടിട്ടുമുണ്ട്.

യു ഡി എഫ് നേതാക്കളുടെ അറപ്പിനു പിന്നിൽ അൻവറിൻ്റെ ബെല്ലു പോയ നാവാണ് ഒന്നാമത്തെ വിഷയം. എന്തും വിളിച്ചു പറയുന്ന അൻവർ നാവ് എപ്പോഴാണ് തങ്ങൾക്കെതിരെ തിരിയുന്നതെന്ന് അവർക്ക് ഭയമുണ്ട്. തൃണമൂൽ വഴി യു ഡി എഫിൽ കയറി കൂടുക എന്നതു തന്നെയാണ് അൻവറിൻ്റെ പ്രധാന പദ്ധതി. എത്തിയിട്ട് തവനൂർ പോലുള്ള സീറ്റു വഴി നിയമസഭയും മറ്റു പദവികളും അൻവറിൻ്റെ പ്ലാനിലുണ്ട്. പക്ഷേ നിലവിലെ അവസ്ഥയനുസരിച്ച് അതത്ര വേഗത്തിൽ നടക്കില്ല എന്നതാണ് വസ്തുത.

Share This Article
Leave a comment