പി വി അൻവറിൻ്റെ ഉദ്ദേശം യു ഡി എഫ് തന്നെ. എം എൽ എ സ്ഥാനം രാജിവച്ച അൻവർ യു ഡി എഫിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. തൃണമൂലിൻ്റെ സംസ്ഥാന കോ – ഓർഡിനേറ്ററായി അൻവറിനെ മമതാ ബാനർജി നിയോഗിച്ചിട്ടുമുണ്ട്. നിലമ്പൂരിൽ താനിനി മത്സരിക്കില്ല. നിലമ്പൂരിനെ അടുത്തറിയാവുന്ന ഒരാളെ മത്സരിപ്പിക്കണം. കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് ക്രൈസ്തവ വിഭാഗമാണന്നും അതിനാൽ വി എസ് ജോയിയെ അവിടെ സ്ഥാനാർത്ഥിയാക്കണമെന്നും പി വി അൻവർ ആവശ്യപ്പെട്ടു.
വി ഡി സതീശനെതിരെ ഉന്നയിച്ച അഴിമതി ആരോപണം പി ശശിയുടെ നിർബന്ധ പ്രകാരമായിരുന്നുവെന്ന് അൻവർ പറഞ്ഞു. വസ്തുതയുണ്ടോ എന്നു ചോദിച്ചപ്പോൾ ഉണ്ടെന്നാണ് ശശി പറഞ്ഞത്. ശശി തന്നെ ചതിക്കുകയായിരുന്നു. സതീശൻ തൻ്റെ മാപ്പ് സ്വീകരിക്കണമെന്നും അൻവർ പറഞ്ഞു. താൻ രാജിവയ്ക്കാൻ ഉദ്ദേശിച്ചുകൊണ്ടല്ല കൊൽക്കത്തയിൽ പോയത്. തൻ്റെ നേതാവായ മമതാ ബാനർജിയുടെ നിർദേശ പ്രകാരമാണ് രാജി വച്ചതെന്നും അൻവർ പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിനോട് ഇപ്പോഴും തനിക്ക് ഒരു താല്പര്യവുമില്ലെന്ന നിലപാടാണ് അൻവർ സ്വീകരിച്ചത്. ഷൗക്കത്ത് ആരാ ആര്യാടൻ മുഹമ്മദിൻ്റെ മകനല്ലേ എന്നാണ് ചോദിച്ചത്. അയാൾ കഥ എഴുതുകയല്ലേ ശല്യപ്പെടുത്തരുതെന്നും ഷൗക്കത്തിനെ അൻവർ പരിഹസിച്ചു.
പി വി അൻവറിനെ യു ഡി എഫിൽ എടുത്താൽ നിരവധി വിഷയങ്ങൾ അവർ മറക്കേണ്ടി വരും. രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധന, വി ഡി സതീശൻ്റെ അഴിമതി തുടങ്ങി കോൺഗ്രസിനെ അതി ക്രൂരമായി പരിഹസിച്ച അൻവറിനെ തോളോട് ചേർത്തു നിർത്താൻ നേതാക്കൻമാർക്ക് കുറച്ച് വിയർപ്പൊഴുക്കേണ്ടിവരും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.