മദ്യം വാങ്ങാൻ 10 രൂപയുടെ കുറവ്. മദ്യം വാങ്ങി വരുന്ന അടുത്തു കണ്ട ആളോട് 10 രൂപ കടം തരാമോ എന്ന് ഒരു വൃദ്ധൻ ചോദിക്കുന്നു.’ പൊലിസുകാരനാണോടാ കടം ചോദിക്കുന്നത് ‘ എന്ന് ആക്രോശിച്ചു കൊണ്ട് ആ വൃദ്ധനെ അയാൾ കടന്നാക്രമിക്കുന്നു. ശാരീരികമായി വൃദ്ധനെ ക്രൂരമായി ഉപദ്രവിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ പ്രവർത്തിക്കുന്ന ബിവ്റേജസ് ഔട്ട്ലെറ്റിൻ്റെ മുന്നിലാണ് സംഭവം നടക്കുന്നത്. ഇന്നലെയാണ് മന:സാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഈ സംഭവം നടന്നത്.
വൃദ്ധനെ മർദിക്കുന്നതു കണ്ട നാട്ടുകാരാണ് ഇടപെട്ട് അക്രമിയെ പിടിച്ചു മാറ്റി കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്. മർദിച്ചയാൾ പൊലിസുകാരനല്ലെന്നും മുൻപട്ടാളക്കാരനാണന്നും ദൃക്സാക്ഷികൾ പറയുന്നു. ഇയാൾ ഇപ്പോൾ ഹോം ഗാർഡായി ജോലി ചെയ്യുകയാണന്നും അവർ പറയുന്നു. വൃദ്ധൻ ബിവറേജസിൽ പതിവായി വരുന്ന ആളാണെന്നും പലരോടും ചെറിയ തുക കടം വാങ്ങാറുണ്ടന്നും ബിവറേജസ് ഔട്ലെറ്റിലെ ജീവനക്കാരും പറയുന്നു. പാറശാല പൊലിസെത്തി അന്വേഷണം നടത്തിയിട്ടുണ്ട്.