കലിഫോർണിയയിലെ ലൊസ് ആഞ്ചലസിൽ മൂന്നാംദിവസവും ശമനമില്ലാതെ ആളിപ്പടരുന്ന കാട്ടുതീയിൽ രണ്ടായിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു. 27000 ഏക്കറിൽ പടർന്ന തീ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. 1,30,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അഞ്ചുമരണം സ്ഥിരീകരിച്ചു. ഏകദേശം 5700 കോടി ഡോളറിന്റെ (നാലുലക്ഷത്തി എൻപത്തൊമ്പതിനായിരം കോടി രൂപ) നാശനഷ്ടം കണക്കാക്കുന്നു. ലൊസ് ആഞ്ചലസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ തീപിടിത്തമാണിത്.
ലൊസ് ആഞ്ചൽസ് തീരത്തുള്ള പസിഫിക് പാലിസേഡ്‌സിലാണ് തീപിടിത്തത്തിന്റെ പ്രധാനകേന്ദ്രം. 64 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇവിടെ കത്തിനശിച്ചു. പ്രദേശവാസികൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകാൻ ശ്രമിക്കുന്നതിനാൽ കനത്ത ഗതാഗതക്കുരുക്കുണ്ടായ ഇവിടെ രക്ഷാപ്രവർത്തനത്തിനുള്ള വാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത സ്ഥിതിയാണ്. ആൾട്ടഡീനയിൽ അഞ്ചുസ്കൂൾ കാമ്പസുകളടക്കം 43 ചതുരശ്ര കിലോമീറ്റർ പ്രദേശം ചാമ്പലായി. സാൻ ഫെർണാൻഡോ താഴ്‌വരയിലും ഹോളിവുഡ് ഹില്ലിലും കാട്ടുതീ അതിവേഗം പടരുന്നു.
നിരവധി താരങ്ങളുടെ വീടുകളും ചാമ്പലായി. വിഖ്യാതതാരങ്ങളായ ടോം ഹാങ്ക്സ്, ബെന്‍ അഫ്ലിക്സ്, പോപ്പ് ഗായികമാരായ മാൻഡി മൂർ, പാരിസ് ഹിൽട്ടൺ തുടങ്ങിയവര്‍ കാട്ടുതീയെ തുടർന്ന് വീട് ഒഴിഞ്ഞുപോയി. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബ്രെന്റുഡിലെ വീട് ഒഴിയാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റുള്ളതിനാല്‍ വിമാനമുപയോഗിച്ച് കെടുത്താൻ കഴിയാത്തതാണ് കൂടുതലിടങ്ങളിലേക്ക് തീപടരാൻ കാരണമായത്. 1400 അഗ്നിശമന സേനാംഗങ്ങളെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.