സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി മുൻ മന്ത്രിയും സി പി എം ൻ്റെ മുതിർന്ന നേതാവുമായ ജി സുധാകരന്. വായില്‍ തോന്നിയത് പോലെ താൻ സംസാരിക്കുന്നു എന്നാണ് ഒരു വിമര്‍ശനം. വായനാശീലവും ചിന്താശേഷിയും ഉള്ളതുകൊണ്ടാണ് താന്‍ സംസാരിക്കുന്നത്, എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം ഒരു കമ്മ്യൂണിസ്റ്റുകാരന് വിശ്രമിക്കാനുമാവില്ല. തന്നെ അപമാനിക്കാന്‍ വേണ്ടിയല്ല ഇതു പറഞ്ഞതെന്നറിയാം, പറയിപ്പിച്ചതാണ്. താന്‍ വായില്‍ തോന്നിയത് പറയുന്ന ആള് ആണെന്ന് ആരാണ് പറഞ്ഞത്. പാര്‍ട്ടി ക്ലാസുകളില്‍ നിന്നും വായനയില്‍ നിന്നും ലഭിച്ച അറിവു കൊണ്ടാണ് താന്‍ സംസാരിക്കുന്നത് എന്നും ജി സുധാകരന് പറഞ്ഞു.
എനിക്ക് എൻ്റേതായ പ്രധാന്യമുണ്ട്. ഞാന്‍ വിശ്രമ ജീവിതം നയിക്കുന്ന ആളല്ല. കഴിഞ്ഞ കൊല്ലം 1480 പൊതു പരിപാടികളില്‍ പങ്കെടുത്തു. ജില്ലയ്ക്ക് വെളിയില്‍ 17 പരിപാടികളിലും പങ്കെടുത്തു. പരിപാടികൾക്ക് വിളിക്കുന്നത് എന്തു കൊണ്ടാ? ഞാന്‍ ചെല്ലണം എന്നതുകൊണ്ടല്ലേ?. പോകുന്ന സ്ഥലത്ത് ആരുടെ കയ്യിൽ നിന്നും പൈസ വാങ്ങിക്കാറില്ല. താൻ മിണ്ടാതിരിക്കണം എന്ന് ആജ്ഞാപിക്കാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ലന്ന് മനസിലാക്കണമെന്നും ജി സുധാകരൻ പറഞ്ഞു.
