നൃത്ത പരിപാടിയിൽ അതിഥിയായി എത്തിയ ഉമാ തോമസ് എം എൽ എ സ്റ്റേജിൽ നിന്ന് വീണതിനെ തുടർന്നുള്ള പരിക്ക് ഗുരുതരമെന്ന് ആശുപത്രി അധികൃതർ. വാരിയെല്ലുകൾ, തല, മുഖം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിൽ കനത്ത ക്ഷതമുണ്ട്. ഇതൊന്നും പെട്ടന്ന് ഭേദമാകുന്നതല്ലെന്ന് ഇന്നലെ തന്നെ ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. ഉമ ഇപ്പോൾ വെൻ്റിലേറ്ററിലാണന്നും വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും ചികിത്സയും തുടരുകയാണന്നും ആശുപത്രിയിൽ നിന്നും രാത്രി വൈകി ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഉമാ തോമസിൻ്റെ ആരോഗ്യ നിലയെപ്പറ്റി പൂർണമായി നിലവിൽ ഒന്നും പറയാനാകില്ലെന്നും റിപ്പോർട്ടിലുണ്ട്.
വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. അവ ഒടിഞ്ഞതാണ് ശ്വാസകോശത്തിനു പരിക്കുവരാൻ കാരണം. ശ്വാസകോശത്തിൽ രക്തം കയറിയിട്ടുമുണ്ട്. എങ്കിലും ഈ അവസ്ഥയിൽ അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ടതില്ലെന്നാണ് ബന്ധപ്പെട്ട ഡോക്ടറുടെ നിർദേശം. തലച്ചോറിനും സാരമായ പരിക്കു പറ്റിയിട്ടുണ്ട്.
ഉമാതോമസ് വേദിയിലേക്കു വരുമ്പോൾ അവിടെ മന്ത്രി സജി ചെറിയാൻ ഉണ്ടായിരുന്നു. അദ്ദേഹത്തെ അഭിവാദ്യം ചെയ്ത് തിരികെ വന്ന് കസേരയിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ അവർക്ക് ബാലൻസ് തെറ്റിയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് വശത്തായി കെട്ടിയിരുന്ന റിബണിൽ പിടിച്ചു. കമ്പിയാണെന് കരുതിയാവും അതിൽ പിടിച്ചത്. പിന്നാലെ 20 അടിയോളം താഴ്ചയിലേക്ക് എം എൽ എ വീഴുകയായിരുന്നു. താഴെയുള്ള പാറയിൽ തല ഇടിച്ചാണ് അവർ വീണതെന്നും ദൃക്സാക്ഷികൾ പറയുന്നു.
ഇന്നലെ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധരായ ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ഉമാതോമസ് എം എൽ എയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘം സർക്കാർ രൂപീകരിച്ചിട്ടുണ്ട്.