മൻമോഹൻ സിംഗിൻ്റെ സംസ്ക്കാര ചടങ്ങുകളുമായി ബന്ധപ്പെട്ടും കോൺഗ്രസ് – ബി ജെ പി നേതാക്കൾ തമ്മിൽ പൊരിഞ്ഞ വാക്പോര്. മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിൻ്റെ സംസ്ക്കാര ചടങ്ങുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത്ഷായും രാഷ്ട്രീയം കളിച്ചതായി കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ ആരോപണം. സംസ്ക്കാര ചടങ്ങുകൾ പകർത്താൻ ദൂരദർശനു മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്. ദൂരദർശനാകട്ടെ സംസ്ക്കാര ചടങ്ങുകൾക്കിടയിൽ മുഴുവൻ സമയവും മോദിയേയും അമിത് ഷായേയുമാണ് കാണിച്ചു കൊണ്ടിരുന്നത്. മൻമോഹൻ്റെ കുടുംബാംഗങ്ങളെപ്പോലും കാണിച്ചില്ല. മുൻ നിരയിൽ ആകെ മൂന്നു സീറ്റുകളാണ് മൻമോഹൻ്റെ ബന്ധുക്കൾക്കായി മാറ്റി വച്ചത്. കോൺഗ്രസ് ചോദിച്ചു വാങ്ങിയ കസേരകളിലാണ് ഉറ്റ ബന്ധുക്കളെപ്പോലും ഇരുത്താൻ കഴിഞ്ഞതെന്ന് പവൻ ഖേര പറഞ്ഞു.
പൊതുജനങ്ങളെ സംസ്ക്കാരം നടക്കുന്ന പരിസരത്തൊന്നും അടുപ്പിച്ചതേയില്ല. മൻമോഹൻ്റെ ഭാര്യയ്ക്ക് ദേശീയ പതാക കൈമാറിയപ്പോൾ പ്രധാനമന്ത്രി മോദിയോ അമിത്ഷാ അടക്കമുള്ള മന്ത്രിമാരോ ഒന്നെഴുന്നേറ്റു നിൽക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. ചടങ്ങിൽ സംബന്ധിച്ച ഭൂട്ടാനിലെ രാജാവാകട്ടെ ഏറെ ആദരവോടെ ആ സമയത്ത് എഴുനേറ്റു നിന്നത് പ്രധാനമന്ത്രിയും നേതാക്കളും കണ്ടു പഠിക്കട്ടെ എന്നും ഖേര പറയുന്നു.
മൻമോഹന് പ്രത്യേക സ്ഥലം സ്മാരകത്തിനായി നൽകണമെന്ന കോൺഗ്രസിൻ്റെ ആവശ്യം കേന്ദ്രം കയ്യോടെ തള്ളിയതു മുതൽ തുടങ്ങിയ കോൺഗ്രസ് – ബി ജെ പി വാക്പോര് ശക്തമായി തുടരുകയാണ്. കോൺഗ്രസിൻ്റെ ആരോപണങ്ങൾക്ക് കടുത്ത മറുപടിയുമായി ബി ജെ പി വക്താക്കളും ഇന്നലെ തന്നെ രംഗത്തിറങ്ങിയിരുന്നു. മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവു മരിച്ചപ്പോൾ മൃതദേഹം കോൺഗ്രസ് ആസ്ഥാനത്ത് കൊണ്ടുവരേണ്ടതില്ലെന്ന് സോണിയ ഗാന്ധി നിർദേശിച്ചന്നും അതിന് മൻമോഹൻ സിംഗ് സാക്ഷിയാണെന്നും ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞത് ബി ജെ പി നേതാവ് അമിത് മാളവ്യ ചൂണ്ടിക്കാട്ടി. മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ്കുമാർ മുഖർജി മരിച്ചപ്പോൾ പ്രവർത്തക സമിതി യോഗം പോലും വിളിക്കാൻ തയ്യാറാകാത്ത കോൺഗ്രസാണ് ഇപ്പോൾ ഈ കള്ളക്കണ്ണീർ ഒഴുക്കുന്നത് എന്ന് ബി ജെ പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദയും കുറ്റപ്പെടുത്തി.
മൻമോഹൻ്റെ സംസ്ക്കാര ചടങ്ങുകൾക്ക് പ്രത്യേക സ്ഥലം അനുവദിക്കാത്തത് കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് തന്നെ എടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണന്ന് കഴിഞ്ഞ ദിവസം തന്നെ ബി ജെ പി മറുപടി നൽകിയിരുന്നു. ഭരണപക്ഷമായ ബി ജെ പി യും പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ തുടങ്ങിയ വാക്പോര് തണുത്ത് വിറങ്ങലിച്ച ഡെൽഹിയിൽ പുതിയ മാനങ്ങളിലേക്കു മാറുകയാണ്.
