ഇന്ത്യാ മഹാരാജ്യം കണ്ട ഏറ്റവും മിടുക്കനായ സാമ്പത്തിക വിദഗ്ധൻ ആര് എന്ന് ആരെങ്കിലും ചോദിച്ചാൽ അതിനുള്ള ഉത്തരങ്ങളിൽ ഒന്ന് ഉറപ്പായും മൻമോഹൻ സിങ് എന്നായിരിക്കും. രാജ്യത്തെ സാമ്പത്തിക മേഖലയെ ആകെ ഉടച്ചുവാർത്ത ധനമന്ത്രി, ലൈസൻസ് രാജ് ഒഴിവാക്കിയ ധനമന്ത്രി എന്നീ നിലകളിൽ അദ്ദേഹത്തിൻ്റെ ഔന്നദ്ധ്യം എക്കാലത്തും എടുത്തു കാണിക്കപ്പെടും എന്നതിൽ തർക്കമില്ല. രാജ്യത്ത് സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ അദ്ദേഹം ലോക സാമ്പത്തിക ശാസ്ത്രജ്ഞർക്കിടയിൽ ശ്രദ്ധേയനായി. 1991 ലെ പി വി നരസിംഹറാവു പ്രധാനമന്ത്രിയായ കോൺഗ്രസ് സർക്കാരിൽ അപ്രതീക്ഷിതമായാണ് ഡോ : മൻമോഹൻ സിംഗ് ധനകാര്യമന്ത്രിയായി എത്തിയത്. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിൽ ശ്രദ്ധേയ പ്രവർത്തനം കാഴ്ചവച്ചിരുന്ന ഡോ: സിംഗ് അന്നേ ശ്രദ്ധേയനായിരുന്നു.
1952 ൽപഞ്ചാബ് സർവകലാശാലയിൽ നിന്നും ഡോ : മൻ മോഹൻ സിംഗ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും 1954 ൽ ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കിലാണ് അദ്ദേഹം വിജയിച്ചത്. തുടർന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ സെന്‍റ് ജോൺസ് കോളേജിൽ നിന്നും എക്കണോമിക്സ് ട്രിപ്പോസ് നേടിയെടുത്ത ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങി എത്തിയത്. തുടർന്ന് പഞ്ചാബ് സർവകലാശാലയിൽ അദ്ദേഹം സാമ്പത്തിക ശാസ്ത്ര അധ്യാപകനായി ജോലി തുടങ്ങി. സാമ്പത്തിക ശാസ്ത്രം പഠിച്ചിരുന്ന കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകരിൽ ഒരാളാകാൻ, മിതഭാഷിയാണങ്കിലും പോലും, ഡോ : സിംഗിന് അധിക കാലം വേണ്ടി വന്നില്ല.
തുടർന്ന് 1969 മുതൽ ഡൽഹിയിലെ സ്കൂൾ ഓഫ് എക്കണോമിക്സിൽ പ്രൊഫസറായി ചുമതലയേറ്റ് കുട്ടികളെ പഠിപ്പിക്കാൻ ആരംഭിച്ച മൻമോഹൻ സിംഗ് വിദേശ വ്യാപാര കാര്യ മന്ത്രാലയത്തിൽ ഉപദേശകനുമായി പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. പിന്നാലെ അധ്യാപനം ഉപേക്ഷിച്ച് 1972 ൽ ധനകാര്യ മന്ത്രാലയത്തിലെ പൂർണ സമയവും പ്രവർത്തിക്കേണ്ടുന്ന മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. പിന്നെ പടിപടിയായുള്ള ഉയർച്ചയുടെ കാലമായിരുന്നു. 1976 ൽ ധനകാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായി. 1980 – 82 കാലത്ത് ആസൂത്രണ കമ്മീഷനിൽ അദ്ദേഹം അംഗമാകുന്നു. 1982 ലെ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ പ്രണബ് മുഖർജി ധനകാര്യ മന്ത്രിയായിരിക്കെ റിസർവ് ബാങ്ക് ഗവർണറായി ഡോ: സിംഗിന് നിയമനം നൽകി. 1985 വരെയും ഡോ: മൻമോഹൻ സിംഗ് ആയിരുന്നു റിസർവ് ബാങ്ക് ഗവർണർ.
1985 – 87 കാലഘട്ടത്തിൽ മൻമോഹൻ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായി സ്തുത്യർഹ സേവനം നടത്തി. എന്നാൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മൻമോഹൻ സിങിനോട് അത്ര വലിയ താല്പര്യം കാട്ടിയിരുന്നില്ല . ഒരു ഘട്ടത്തിൽ ആസൂത്രണ കമ്മീഷനെ കോമാളി സംഘം എന്ന് രാജീവ് ഗാന്ധി വിളിച്ചതിൽ രോഷം അടക്കാനാകാതെ രാജിക്കൊരുങ്ങിയ മൻമോഹൻ സിങിനെ ഏറെ പണിപെട്ടാണ് അനിൽ നിന്നു പിൻതിരിപ്പിച്ചതും തുടർന്നും പദവികളിൽ തുടരാൻ നിർബന്ധിതനാക്കിയതെന്നും മുൻ ആഭ്യന്തര സെക്രട്ടറിയും സി എ ജിയുമായിരുന്ന സി ജി സോമയ്യ അദ്ദേഹത്തിൻ്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. പിന്നാലെ ജനീവ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന, സ്വതന്ത്ര സാമ്പത്തിക നയം പിൻതുടരുന്ന ബൗദ്ധിക കൂട്ടായ്മയായ സൗത്ത് കമ്മീഷന്‍റെ സെക്രട്ടറി ജനറലായി മൻമോഹൻ രാജ്യം വിട്ടു പോവുകയും ചെയ്തു.
1991 ൽ രാജ്യത്ത് കോൺഗ്രസ് വീണ്ടും അധികാരത്തിൽ മടങ്ങി എത്തിയപ്പോൾ ധനമന്ത്രിയാവാൻ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിൽ നിന്ന് അപ്രതീക്ഷിത വിളി മൻമോഹൻ സിങിനെ തേടിയെത്തി. അവിടെ വച്ച്, രാഷ്ട്രീയക്കാരനല്ലാതിരുന്ന, ഡോ: മൻമോഹൻ സിങിന്‍റെ രാഷ്ട്രീയ ജീവിതം കീഴ്മേൽ മറിഞ്ഞു. അസമിൽ നിന്ന് അദ്ദേഹത്തെ രാജ്യസഭാംഗമാക്കി മൻമോഹനെ കേന്ദ്ര ധനകാര്യമന്ത്രിയാക്കി നരസിംഹറാവു. പിന്നീട് തുടർച്ചയായി 4 തവണ അസമിൽ നിന്നുതന്നെയുള്ള രാജ്യസഭാംഗമായിരുന്നു ഡോ: മൻമോഹൻ സിംഗ്.
സാമ്പത്തിക രംഗത്ത് ഇന്ത്യ കടുത്ത പ്രതിസന്ധികൾ നേരിട്ടിരുന്ന കഠിനമായ കാലത്താണ് സിങ് ധനമന്ത്രിയായി ചുമതലയേൽക്കുന്നത്. അന്നത്തെ ധനകമ്മി ജി ഡി പിയുടെ 8.5 ശതമാനമായിരുന്നു. വിദേശനാണ്യ കരുതൽ ശേഖരമാകട്ടെ കഷ്ടിച്ച് 14 ദിവസത്തേക്ക് ഉണ്ടാകും എന്ന നിലയിയിരുന്നു. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് വായ്പയെടുക്കാം എന്ന മൻമോഹൻ്റെ ആശയത്തിന് കടുത്ത മറു നടപടികളാണ് നാണയ നിധി മുന്നോട്ടു വച്ചത്. അങ്ങനെ രാജ്യത്തെ ലൈസൻസ് രാജ് മാറ്റി വിദേശ നിക്ഷേപങ്ങൾക്കായി വിപണി മലർക്കെ തുറന്നിടാനും മൻമോഹൻ സിങ് തീരുമാനിച്ചു. ഇറക്കുമതി ചുങ്കവും കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അടക്കം സാമ്പത്തിക പരിഷ്കാരങ്ങളോട് മുഖം തിരിഞ്ഞു നിന്ന അന്നത്തെ സഹ നേതാക്കളോട് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നായിരുന്നു മൻമോഹൻസിംഗ് ആവശ്യപ്പെട്ടത്.
അന്നത്തെ വാണിജ്യ സഹമന്ത്രിയായിരുന്ന പി ചിദംബരം, മൻമോഹൻ സിങിനെ ഉപമിച്ചത് ചൈനയിലെ ഡെൻ സിയാവോ പിങിനോടായിരുന്നു. പിന്നാലെ 1992 – 93 കാലഘട്ടത്തിൽ ഇന്ത്യയുടെ ജി ഡി പി വളർച്ചാ നിരക്ക് 5.1 ശതമാനത്തിലേക്കും 1993 – 94 കാലത്ത് അത് 7.3 ശതമാനത്തിലേക്കും പടിപടിയായി ഉയർന്നു. മൽഹോത്ര കമ്മിറ്റി റിപ്പോർട്ട് ഇൻഷുറൻസ് മേഖലയിൽ അക്കാലത്ത് നടപ്പിക്കിയതും മൻമോഹൻ സിംഗ് ആണ്.
സാമ്പത്തിക വിദഗ്ധൻ, രാജ്യത്തിൻ്റെ സാമ്പത്തിക ആസൂത്രണം തന്നെ തിരുത്തി എഴുതിയ ധനമന്ത്രി എന്ന നിലകളിൽ അദ്ദേഹം എല്ലാ കാലത്തും ഓർക്കപ്പെടുക തന്നെ ചെയ്യും. 2 തവണ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിംഗ് വിമർശനങ്ങൾക്ക് അന്നും അതീതനായിരുന്നില്ല. മിതഭാഷി എന്ന് ലോകം വിശേഷിപ്പിച്ച ഡോ: സിംഗ് എല്ലാ വിർശനങ്ങൾക്കും മീതെ, ലോകം അംഗീകരിച്ച ധനകാര്യ വിദഗ്ധൻ എന്ന നിലയിൽ തന്നെ അറിയപ്പെടും. ഡോ: മൻമോഹൻ സിംഗിന് ആദരാഞ്ജലി…